എട്ടാം ക്ലാസുകാരനെ സഹപാഠികള്‍ വെടിവെച്ചു കൊന്നു
ഹരിയാന: ഗുഡ്‌ഗാവില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി സഹപാഠിയെ വെടിവെച്ചു കൊന്നു. ഗുഡ്‌ഗാവ് യൂറോ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അഭിഷേക് ത്യാഗിയെന്ന 13 കാരനാണ് സഹപാഠിയുടെ വെടിയേറ്റ് മരിച്ചത്.
അഭിഷേകിന്റെ ക്ലാസിലെ ആകാശ് യാദവ്, വികാസ് യാദവ് എന്നീ സഹോദരങ്ങളാണ് വെടിവെച്ചത്. കുട്ടികള്‍ തമ്മിലുള്ള മുന്‍വൈരാഗ്യമാണ് വെടിവെപ്പിന് വഴിവെച്ചതെന്ന് പോലീസ് പറഞ്ഞു.
കുട്ടികള്‍ തമ്മില്‍ രണ്ടാഴ്ച മുന്പ് വഴക്കുണ്ടായിരുന്നു. വീട്ടുകാരും പ്രിന്‍സിപ്പലും ഇടപെട്ട് വഴക്ക് പറഞ്ഞു തീര്‍ത്തിരുന്നുവെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇന്നലെ ക്ലാസ് കഴിഞ്ഞതിനു ശേഷം വീണ്ടും കുട്ടികള്‍ തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് അച്ഛന്റെ ലൈസന്‍സുള്ള തോക്കുപയോഗിച്ച് ആകാശും വികാസും വെടിവെക്കുകയായിരുന്നു.
ആകാശ് നാല് തവണയും വികാസ് ഒരു തവണയും വെടിയുതിര്‍ത്തു. ഇതില്‍ നാലും അഭിഷേകിന്റെ ശരീരത്തില്‍ തറച്ചു.
വെടിവെപ്പുമായി ബന്ധപ്പെട്ട് ആകാശിനെയും വികാസിനെയും പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.കുട്ടികള്‍ക്കെതിരെ ബാലശിക്ഷ നിയമപ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു.
കസ്റ്റഡിയിലുള്ള വിദ്യാര്‍ഥികള്‍ വസ്തു ഇടപാടുകാരന്റെ മക്കളാണ്. ഉന്നത കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പഠിക്കുന്ന ഇവിടെ സഹപാഠികള്‍ തമ്മിലുള്ള സംഘര്‍ഷം പതിവാണത്രേ.












Click it and Unblock the Notifications