ജനതാദള്‍ യുഡിഎഫിലേയ്ക്ക്..?
തിരുവനന്തപുരം : സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തിന്റെ കോപതാപങ്ങള്‍ക്ക് ഇരയായി ഭരണത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടതില്‍ മനംനൊന്ത് ജനതാദള്‍ നേതാവ് എം പി വീരേന്ദ്രകുമാര്‍ ഇടതുമുന്നണി വിടാനൊരുങ്ങുന്നു. അതിരൂക്ഷമായ ഗ്രൂപ്പു പോരില്‍ ഉലയുന്ന ജനതാദളില്‍ ഒരുപിളര്‍പ്പുണ്ടാവാതെ പാര്‍ട്ടിയെ മറുമുന്നണിയിലെത്തിക്കാനാണ് വീരേന്ദ്രകുമാറിന്റെ ശ്രമം.
പിണറായിപക്ഷത്തിനെതിരെ അച്യുതാനന്ദന്‍ വിഭാഗത്തിന്റെ മുഖപത്രമായി മാതൃഭൂമി മാറിയതു മുതല്‍ സിപിഎമ്മിലെ പ്രബല വിഭാഗത്തിന്റെ കണ്ണിലെ കരടാണ് വീരേന്ദ്രകുമാര്‍. അദ്ദേഹത്തിന്റെ മകന്‍ ശ്രേയാംസ് കുമാറിന് മന്ത്രിസ്ഥാനം നിഷേധിക്കുന്നതിനും കാരണമായത് പിണറായി വിഭാഗത്തിന്റെ അതൃപ്തിയാണ്.
പരേതനായ പി ആര്‍ കുറുപ്പിന്റെ മകന്‍ കെ പി മോഹനന്‍ നേതൃത്വം നല്‍കുന്ന വീരേന്ദ്രകുമാറിന്റെ എതിര്‍ചേരിക്ക് സിപിഎം ഔദ്യോഗിക വിഭാഗം പിന്തുണ നല്‍കിയതു കൊണ്ടാണ് ശ്രേയാംസിനു പകരം മാത്യു ടി തോമസ് മന്ത്രിയായത്.
ഭരണത്തിന്റെ എല്ലാതലങ്ങളില്‍ നിന്നും ജനതാദളിലെ വീരേന്ദ്രകുമാര്‍ വിഭാഗം അവഗണിക്കപ്പെടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വീരേന്ദ്രകുമാറിനും ശ്രേയാംസ് കുമാറിനും എതിരെ ദേശാഭിമാനി തന്നെ രംഗത്തിറങ്ങിയപ്പോള്‍ പൊതുപ്രവര്‍ത്തകര്‍ എന്ന നിലയിലുളള ഇവരുടെ അന്തസിനും ഇടിവു വന്നു.
ഇടതുമുന്നണിയില്‍ തുടര്‍ന്നിട്ട് ഇനി കാര്യമില്ലെന്ന തോന്നല്‍ അങ്ങനെയാണ് ജനതാദള്‍ നേതൃത്വത്തില്‍ പ്രബലമായത്.
പാര്‍ട്ടി വേദികളിലൂടെ ശക്തമായ സര്‍ക്കാര്‍ വിമര്‍ശനം നടത്താനാണ് മുന്നണി മാറ്റത്തെ അനുകൂലിക്കുന്ന നേതാക്കളുടെ പദ്ധതി. ഇതിന് എം പി വീരേന്ദ്രകുമാര്‍ തന്നെ നേതൃത്വം നല്‍കണമെന്നും തീരുമാനമായിട്ടുണ്ട്. ഈ തീരുമാനപ്രകാരമാണ് കഴിഞ്ഞ ദിവസം അദ്ദേഹം ഇടതു സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം തൊടുത്തത്.
അടുത്ത പേജില്‍












Click it and Unblock the Notifications