കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിമാര്‍ക്ക് ഉടന്‍ പെരുമാറ്റച്ചട്ടം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : മന്ത്രിമാര്‍ക്കും ഘടകകക്ഷി നേതാക്കള്‍ക്കും പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ സിപിഎം മുന്‍കൈയെടുക്കുന്നു.

മന്ത്രിമാരുടെ പരസ്പരമുളള വിമര്‍ശനവും ഘടകകക്ഷി നേതാക്കളുടെയും പോഷക സംഘടനകളുടെയും പ്രവര്‍ത്തനവും മാധ്യമങ്ങള്‍ വഴിയുളള ആക്ഷേപങ്ങളും അതിരുവിടുന്നുവെന്ന ആക്ഷേപം ശക്തമായതിനെ തുടര്‍ന്നാണ് ഈ തീരുമാനമെടുക്കുന്നത്.

പെരുമാറ്റച്ചട്ടത്തിന്റെ കരടു നിര്‍ദ്ദേശം അടുത്ത ഇടതുമുന്നണി യോഗം ചര്‍ച്ച ചെയ്യും. ഒരു സാഹചര്യത്തിലും മറ്റുമന്ത്രിമാര്‍ക്കെതിരെയോ ഘടകകക്ഷി നേതാക്കള്‍ക്കെതിരെയോ മന്ത്രിമാര്‍ പ്രതികരിക്കുന്നത് പെരുമാറ്റച്ചട്ടം വിലക്കുന്നു. മന്ത്രിമാരു‍ടെ എതിര്‍പ്പും വിമര്‍ശനവും മേലില്‍ മന്ത്രിസഭാ യോഗത്തില്‍ മാത്രമേ അനുവദിക്കുകയുളളൂ.

ഘടകകക്ഷി നേതാക്കള്‍ തങ്ങളുടെ വിമര്‍ശനം ഇടതുമുന്നണി യോഗത്തില്‍ മാത്രമേ ഉന്നയിക്കാവൂ എന്ന് പെരുമാറ്റച്ചട്ടം ശിപാര്‍ശ ചെയ്യും. മാധ്യമങ്ങളെ ഉപയോഗിച്ച് പരസ്പരം പഴിചാരുന്നതും ചെളിവാരിയെറിയുന്നതും അവസാനിപ്പിച്ചില്ലെങ്കില്‍ ഇടതുമുന്നണിയും യുഡിഎഫും തമ്മില്‍ വ്യത്യാസമൊന്നും അവകാശപ്പെടാനാവില്ലെന്ന് പല നേതാക്കള്‍ക്കും അഭിപ്രായമുണ്ട്.

സിപിഎം അടക്കമുളള ഇടതുനേതൃത്വം നേരത്തെ ഈ ആശയം മുന്നോട്ടു വെച്ചിരുന്നുവെങ്കിലും സിപിഐയുടെ എതിര്‍പ്പുകാരണം മുടങ്ങുകയായിരുന്നു. സിപിഎമ്മിന്റെ മന്ത്രിമാരെ ചാനല്‍ ചര്‍ച്ചകളിലും മറ്റും വിമര്‍ശിക്കാന്‍ വെളിയം ഭാര്‍ഗവന്‍ അടക്കമുളള നേതാക്കള്‍ മടിച്ചിരുന്നില്ല. തങ്ങളുടെ ഈ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിലുളള സിപിഐയുടെ വിമുഖതയായിരുന്നു എതിര്‍പ്പിന് കാരണം.

എന്നാല്‍ സിപിഐയെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ജി സുധാകരനും തോമസ് ഐസക്കും തയ്യാറായതോടെ സിപിഐ വഴങ്ങുകയായിരുന്നു.

കൃഷി മന്ത്രി മുല്ലക്കര രത്നാകരനും ധനമന്ത്രി തോമസ് ഐസക്കും കിസാന്‍ശ്രീ പദ്ധതിയുടെ പേരില്‍ പരസ്പരം ഏറ്റുമുട്ടിയതാണ് ഏറ്റവും ഒടുവിലെ സംഭവം. കിസാന്‍ശ്രീ പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച് ധനവകുപ്പ് ഫയലില്‍ രേഖപ്പെടുത്തിയ സംശയങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്ത് കൃഷിവകുപ്പാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

ഇന്‍ഷ്വറന്‍സിന്റെ ഉപഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡവും പ്രീമിയമായ 20 രൂപ കര്‍ഷകരില്‍ നിന്നും ഈടാക്കുന്നതിന്റെ പ്രായോഗികതയും ധനവകുപ്പ് ആരാഞ്ഞതാണ് കൃഷിമന്ത്രിയെ ചൊടിപ്പിച്ചത്.

ഇതുസംബന്ധിച്ച പത്രവാര്‍ത്തകളോട് ധനമന്ത്രി പ്രതികരിച്ചതും അതിനെ കൃഷി മന്ത്രി ഏറ്റുപിടിച്ച് പോരിനിറങ്ങിയതും ഇടതുമുന്നണിക്ക് വന്‍തലവേദന സൃഷ്ടിച്ചിരുന്നു. ദേവസ്വം മന്ത്രി ജി സുധാകരന്റെ പരസ്യപ്രസ്താവനകളും മുന്നണിയ്ക്ക് ഏല്‍പ്പിച്ച പരിക്ക് ചെറുതല്ല.

പ്രസ്താവനകള്‍ അതിരുകടന്നപ്പോള്‍ കഴിയുന്നതും വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ മന്ത്രിമാരോട് പാര്‍ട്ടിനേതൃത്വം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ വിവാദങ്ങളിലേര്‍പ്പെടാനുളള രഹസ്യനിര്‍ദ്ദേശം മന്ത്രിമാര്‍ക്ക് നല്‍കി പാര്‍ട്ടിനേതൃത്വം തന്നെ ഇത് അട്ടിമറിച്ചു. ധനമന്ത്രിക്കെതിരെ സി ദിവാകരനും മുല്ലക്കര രത്നാകരനും പരസ്യവിമര്‍ശനം നടത്തിയത് സിപിഐ നേതൃത്വത്തിന്റെ അറിവോടെ തന്നെയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X