സുധാകരന്‍ വീണ്ടും വിവാദത്തില്‍
പത്തനംതിട്ട : ശബരിമലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ നിന്നും ദേവസ്വം മന്ത്രി ജി. സുധാകരന്‍ രണ്ടു തവണ വാക്കൗട്ട് നടത്തി.
യോഗത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ സംസാരിക്കാന്‍ ശ്രമിച്ചതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ജനപ്രതിനിധികള്‍ സംസാരിക്കേണ്ട എന്ന് ശാഠ്യം പിടിച്ച് മന്ത്രി യോഗത്തില്‍ നിന്നും രണ്ടു തവണ ഇറങ്ങിപ്പോയി.
ജനപ്രതിനിധികള്‍ സംസാരിക്കേണ്ട എന്ന മന്ത്രിയുടെ നിലപാട് യുഡിഎഫ് എംഎല്‍എമാരായ കെ ശിവദാസന്‍ നായരും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അംഗീകരിച്ചില്ല.
എംഎല്‍എ മാരുടെ യോഗം പിന്നീട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പിന്നീടു വിളിക്കാമെന്നും പ്രത്യേക യോഗം ഇതിനു വേണ്ടി ചേരാമെന്നും മന്ത്രി നിര്‍ദ്ദേശിച്ചിട്ടും എംഎല്‍എമാര്‍ വഴങ്ങിയില്ല.
യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി പിആര്‍ഡി മുറിയിലിരുന്ന മന്ത്രിയെ അനുനയിപ്പിക്കാന്‍ ഗതാഗതി മന്ത്രി മാത്യു ടി തോമസ് ഫോണില്‍ ബന്ധപ്പെട്ടു. ശബരിമലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗം കലക്കാനാണ് യുഡിഎഫ് എംഎല്‍എമാര്‍ ശ്രമിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ ആരോപണം.
ശബരിമല പ്രശ്നത്തെ മുന്‍നിര്‍ത്തി ഡിസംബര്‍ 15ന് യുഡിഎഫ് സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. അതിന്റെ കേളികൊട്ടായി യോഗത്തില്‍ എംഎല്‍എമാര്‍ ഗുണ്ടായിസം കാണിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു.
ഇറങ്ങിപ്പോക്കിനു ശേഷം തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി മന്ത്രി വീണ്ടും ചര്‍ച്ച നടത്തുകയും എംഎല്‍എമാര്‍ക്ക് അഞ്ചു മിനിട്ട് സംസാരിക്കാന്‍ അവസരം നല്‍കാമെന്ന ഒത്തുതീര്‍പ്പിന് വഴങ്ങുകയും ചെയ്തു.
ശബരിമല അവലോകന യോഗത്തില്‍ ജനപ്രതിനിധികള്‍ സംസാരിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് യോഗത്തില്‍ നിന്നും വാക്കൗട്ട് നടത്തിയ മന്ത്രി മറ്റൊരു വിവാദമാണ് ക്ഷണിച്ചു വരുത്തിയിരിക്കുന്നത്.












Click it and Unblock the Notifications