ആധുനിക മൂന്നാര്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി
തൊടുപുഴ: മൂന്നാറില്‍ തുടങ്ങിവച്ച ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആധുനിക മൂന്നാര്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. മൂന്നാര്‍ മോഡല്‍ ഓപ്പറേഷന്‍ സംസ്ഥാനത്താകെ നടപ്പാക്കുമെന്നും വി.എസ് അറിയിച്ചു.
ഏതാനും പ്രമാണിമാരുടെ കയ്യില്‍ ഭൂമി കെട്ടിക്കിടക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. സാധാരണക്കാര്‍ക്ക് പ്രാപ്യമായ പുതിയ മൂന്നാര്‍ നിര്‍മ്മിക്കുകയെന്ന ലക്ഷ്യമിട്ടാണ് നടപടികള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. മൂന്നാര്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍ ഘടകകക്ഷികളുടെയും പുരോഗമനപ്രസ്ഥാനങ്ങളുടെയും സഹായം ആവശ്യമാണ്- വി.എസ് പറഞ്ഞു.
മൂന്നാറില്‍ ഇതിനകം 10,000ത്തോളം ഏക്കര്‍ ഭൂമിയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചിട്ടുണ്ട്. 14000 ഏക്കര്‍ ഭൂമി ഇതുവരെ സര്‍ക്കാറിലേയ്‌ക്ക് കണ്ടുകെട്ടി. മൂന്നാറില്‍ ഒഴിപ്പിച്ചത് വന്‍കിട കയ്യേറ്റങ്ങളാണ്. പത്തുസെന്റുവരെ ഭൂമിയുള്ളവരെയോ സ്വന്തം ഭൂമിയില്‍ ഹോട്ടല്‍ നടത്തുന്നവരെയോ ദൗത്യസംഘം തൊട്ടിട്ടില്ല.
സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കിടപ്പാടമില്ലാത്ത ആദിവാസികള്‍ക്ക് നല്‍കും, സ്വന്തം ഭൂമിയില്‍ കൃഷിചെയ്യാന്‍ പാവപ്പെട്ടവര്‍ക്ക് അവസരമൊരുക്കും. സര്‍ക്കാര്‍ടൂറിസം പദ്ധതികളിലൂടെ മൂന്നാറിനെ പുനരുദ്ധരിക്കും- മുഖ്യമന്ത്രി വ്യക്തമാക്കി.
സിപിഎം ഇടുക്കി ജില്ലാസമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.












Click it and Unblock the Notifications