പട്ടി താറാവിനെ കടിച്ചു, പട്ടിയെ പപ്പന്‍ കടിച്ചു
കൊല്ലം: പട്ടി മനുഷ്യനെ കടിച്ചാല്‍ വാര്‍ത്തയാകില്ലെന്നും വാര്‍ത്തയുണ്ടാകണമെങ്കില്‍ മനുഷ്യന്‍ പട്ടിയെ കടിയ്‌ക്കണമെന്നുമല്ലേ പൊതുവേ പറയുന്നത്. ഒരു മനുഷ്യന്‍ പട്ടിയെകടിച്ച് വാര്‍ത്ത സൃഷ്ടിച്ചു.
വെറും പട്ടിയല്ല നല്ല അസ്സല്‍ പേപ്പട്ടിയെത്തന്നെയാണ് കടിച്ചത്. കൊല്ലം സ്വദേശിയും അറുപത്തിയഞ്ചുകാരനുമായ പപ്പനാണ് പേപ്പട്ടിയെ കടിച്ച് വാര്‍ത്തയുണ്ടാക്കിയത്. എന്നാല്‍ വാര്‍ത്തയുണ്ടാക്കാനായിരുന്നില്ല പപ്പന്‍ പട്ടിയെ കടിച്ചത്.
ബുധനാഴ്‌ച തന്റെ വളര്‍ത്തുതാറാവിനെ ആക്രമിച്ച പട്ടിയോട് പകതോന്നിയപ്പോഴാണ് പപ്പന്‍ അതിനെ കടിച്ച് പകതീര്‍ത്തത്. പപ്പന്റെ കടികിട്ടിയ പട്ടിയെ പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊല്ലുകയും ചെയ്‌തു.
പട്ടി താറാവിനെ വായിലാക്കിയപ്പോള്‍ പപ്പന്‍ താറാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. അപ്പോള്‍ പപ്പന്റെ കൈപ്പത്തിയും പട്ടിയുടെ വായിലായി. ഉടനെതന്നെ പപ്പന്‍ പട്ടിയുടെ കഴിത്തിന് കയറിക്കടിച്ചു. പട്ടി കൈപ്പത്തിവിടുന്നതുവരെ പപ്പനും കടിവിട്ടില്ല. വേദനകൊണ്ട് പുളഞ്ഞ പട്ടി അവസാനം പപ്പന്റെ കൈ വിട്ടു.
ഉടന്‍തന്നെ പപ്പനെ നാട്ടുകാര്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്നും പപ്പനെ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേയ്‌ക്കും മാറ്റി. കടിച്ചത് പേപ്പട്ടിയെ ആയതിനാല്‍ പപ്പന് പൂര്‍ണ്ണ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.
എന്നാല്‍ പട്ടിയെ കടിച്ചവാര്‍ത്തയറിഞ്ഞ് പപ്പനെക്കാണാന്‍ ഏറെ ദൂരനെനിന്നുപോലും ആളുകളും മാധ്യമപ്രവര്‍ത്തകരും എത്തിക്കൊണ്ടിരിക്കുകയാണത്രേ.












Click it and Unblock the Notifications