മാന്ത്രികന്റെ കാല്‍ അക്രമികള്‍ മോഷ്ടിച്ചു
ഹൈദരാബാദ്: സ്വയം വിശുദ്ധനായി പ്രഖ്യാപിച്ച എണ്‍പതുകാരന്റെ അമാനുഷിക ശക്തിയുള്ള കാല്‍ അക്രമികള്‍ വെട്ടിക്കൊണ്ടുപോയി.
അമാനുഷികമായ കഴിവുകളുണ്ടെന്ന് സ്വയം പ്രഖ്യാപനം നടത്തിയ യനാദി കൊണ്ടയ്യയെന്നയാളുടെ കാലാണ് അക്രമികള്‍ വെട്ടിക്കളഞ്ഞത്. സ്വന്തം വലതുകാലിന് മാന്ത്രികസിദ്ധിയുണ്ടെന്നും അതുകൊണ്ട് സ്‌പര്‍ശിച്ചാല്‍ ഏതുരോഗവും മാറുമെന്നും എന്ത് ആഗ്രഹങ്ങളും സാധിയ്‌ക്കുമെന്നുമായിരുന്നു യനാദിയുടെ അവകാശവാദം.
കാലുമുറിഞ്ഞ യനാദിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ കാലുമുറിച്ച അക്രമികള്‍ക്കായി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ആര്‍ രവീന്ദ്രനാഥ റെഡ്ഡി അറിയിച്ചു.
ഇയാളുടെ കാലുകള്‍ മുറിച്ചുകൊണ്ടുപോയാല്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളെല്ലാം സാധിയ്‌ക്കുമെന്ന അന്ധവിശ്വാസത്തിന്റെ പുറത്തായിരിക്കണം അക്രമികള്‍ ഇത്തരത്തിലൊരു പ്രവര്‍ത്തി ചെയ്‌തതെന്നാണ് പൊലീസിന്റെ അനുമാനം.
മുമ്പ് നല്‍കിയ സ്‌പര്‍ശനത്താല്‍ തങ്ങള്‍ക്ക് ഉദ്ധിഷ്ടകാര്യലബ്ധിയുണ്ടായെന്ന് പറഞ്ഞ് അതിന്റെ നന്ദി പ്രകടിപ്പിക്കാനായി രണ്ടുപേര്‍ യനാദിയ്‌ക്ക് എന്തോ കുടിയ്‌ക്കാന്‍ നല്‍കിയിരുന്നുവത്രേ. ദ്രാവകം കുടിച്ചു ബോധരഹിതനായ യനാദിയുടെ മാന്ത്രികക്കാല്‍ അക്രമികള്‍ ചേര്‍ന്ന് മുറിച്ചെടുത്ത് കടന്നുകളയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പിന്നീട് കാലില്ലാത്ത നിലയില്‍ യനാദിയെ നാട്ടുകാരാണത്രേ ആശുപത്രിയില്‍ എത്തിച്ചത്.












Click it and Unblock the Notifications