മൂന്നാറില്‍ നാല് സെന്റ് മതി: വെളിയം
തിരുവനന്തപുരം: മൂന്നാറില്‍ പാര്‍ട്ടി ഓഫീസിനു കിട്ടിയ രവീന്ദ്രന്‍ പട്ടയം റദ്ദാക്കണമെന്ന് കത്തു നല്‍കിയിട്ടുണ്ടെന്നു സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു.
മൂന്നാറില്‍ സിപിഐക്ക് നാല് സെന്റിന്റെ പട്ടയം മതി. പതിനൊന്ന് സെന്റിന്റെ പട്ടയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്- വെളിയം വ്യക്തമാക്കി. സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗതീരുമാനങ്ങള്‍ അറിയിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഐക്കു മൂന്നാറില്‍ ഒരു സെന്റ് പോലും അനധികൃത ഭൂമിയില്ല. അദ്ദേഹം അവകാശപ്പെട്ടു. അതിനാല്‍ തന്നെ വിട്ടുകൊടുക്കേണ്ടി വരികയുമില്ല. രവീന്ദ്രന്‍ പട്ടയം അനധികൃതമാണോ, അതു കൈവശമുള്ളവരെ ഒഴിപ്പിക്കണമോ എന്നെല്ലാം സര്‍ക്കാരാണു തീരുമാനിക്കേണ്ടത്.
മൂന്നാറില്‍ മറ്റു പല രാഷ്ട്രീയ പാര്‍ട്ടികളും രവീന്ദ്രന്‍ പട്ടയം നേടിയിട്ടുണ്ട്. അവര്‍ അതു വേണ്ടെന്നുവയ്ക്കുമോ എന്ന് അവരോടു തന്നെ ചോദിക്കണം. രവീന്ദ്രന്‍ പട്ടയമുള്ള ഭൂമിയില്‍ നില്‍ക്കുന്ന സിപിഎം ഓഫിസ് പൊളിക്കേണ്ടേ എന്ന ചോദ്യത്തിന് വെളിയത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു- 'ഇപ്പോള്‍ തന്നെ അങ്ങോട്ടു ചെന്നു ചോദിക്കണം'
ഐഎസ്‌ആര്‍ഒയ്ക്കു സൗജന്യമായി ഭൂമി നല്‍കാമെന്നു സര്‍ക്കാര്‍ സമ്മതിച്ചിട്ടും സേവി മനോമാത്യുവില്‍ നിന്നു വില കൊടുത്തു വാങ്ങിയ ഭൂമിയില്‍ തന്നെ സ്പേസ് ഇന്‍സ്റ്റിറ്റിയൂട്ട് വേണമെന്ന ശാഠ്യം ശരിയല്ല. ധനമന്ത്രിയെ കുറിച്ച് എതിരഭിപ്രായമില്ല. എന്നാല്‍ ധനമന്ത്രി സങ്കുചിത മനോഭാവം കൈകൊള്ളുന്നത് ശരിയല്ലെന്നും വെളിയം പറഞ്ഞു.












Click it and Unblock the Notifications