വിക്കിയെ ഒതുക്കാന്‍ ഗൂഗിളൊരുങ്ങുന്നു
പ്രധാനപ്പെട്ട വിവരങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ മിക്കവാറും ആദ്യവും രണ്ടാമതും പ്രത്യക്ഷപ്പെടുന്ന ലിങ്കുകള്‍ വിക്കിപീഡിയയുടേതാവാം. അന്വേഷകര്‍ ആദ്യം ക്ലിക്ക് ചെയ്യുന്നതും വിക്കിയിലേയ്ക്കുളള ലിങ്കിലാവാം.
ഈ ക്ലിക്കിനെ സ്വന്തം വരുതിയിലെത്തിക്കാനുളള തന്ത്രം ഗൂഗിളിന്റെ പണിശാലയില്‍ സജ്ജമായിക്കഴിഞ്ഞു. നോള്‍ (knol) എന്ന് പേരിട്ടിരിക്കുന്ന വിക്കി മാതൃകയിലുളള എന്‍സൈക്ലോപീഡിയ ഉടന്‍ ഗൂഗിള്‍ എത്തിക്കും.
കോടിക്കണക്കിന് മനുഷ്യരുടെ തലച്ചോറിനുളളില്‍ ഉപയോഗപ്രദമായ അറിവ് ഏറെയുണ്ടെന്നും അത് പങ്കുവെയ്ക്കാന്‍ തല്‍പരരായവര്‍ക്ക് അതിനുളള സൗകര്യം ഒരുക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും ഗൂഗിള്‍ പറയുന്നു.
വ്യത്യസ്ത വിഷയങ്ങളില്‍ വൈദഗ്ധ്യമുളളവര്‍ക്ക് അത് എഴുതാനും തിരുത്താനുമുളള അവസരം കൊടുക്കുക എന്നതാണ് നോള്‍ എന്ന ഗൂഗിള്‍ ഉപകരണം നല്‍കുന്ന സേവനം. പ്രതിഫലേച്ഛയില്ലാതെ അറിവ് വിതരണം ചെയ്യുന്ന ഒരുകൂട്ടത്തിന്റെ പ്രയത്നമാണ് വിക്കിപീഡിയയുടെ സേവനത്തിനു പിന്നിലും ഉളളത്.
വിക്കിയില്‍ അംഗമാകുന്നയാള്‍, കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പിന്തുടര്‍ന്നാല്‍ പ്രസക്തമായ വിഷയങ്ങളുടെ ഉളളടക്കം തയ്യാറാക്കാവുന്നതാണ്. ലോകത്തെവിടെയുമിരുന്ന് വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും തിരുത്താനുമുളള അവസരം വിക്കി നല്‍കുന്നു.
എന്നാല്‍ പ്രധാന ലേഖനം എഴുതിയതാരെന്ന വിവരം വിക്കി നല്‍കുന്നില്ല. ഇതിനെ ഒരു പോരായ്മയായി ഉയര്‍ത്തിപ്പിടിച്ച് എഴുത്തുകാരന്റെ ആധികാരിത കൂടി തങ്ങള്‍ നല്‍കുമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു.
ഉളളടക്കത്തിന്റെ ആധികാരികത എഴുത്തുകാരനെ അടിസ്ഥാനപ്പെടുത്തി ഉപഭോക്താവിന് നിശ്ചയിക്കാമെന്നതാണ് നോള്‍ മുന്നോട്ടുവെയ്ക്കുന്ന മേന്മ. ഒരു വെബ് പേജ് മാത്രമായിരിക്കും തങ്ങള്‍ നല്‍കുന്നതെന്ന് പറയുമ്പോഴും അത് പരമാവധി വ്യത്യസ്തമായിരിക്കുമെന്ന് ഗൂഗിള്‍ ഉറപ്പു പറയുന്നു. എഴുത്തിനും തിരുത്തലിനും നോളില്‍ സൗകര്യമുണ്ടായിരിക്കും.
പ്രത്യേക വിഷയങ്ങളില്‍ തിരച്ചില്‍ നടത്തുന്നവര്‍ക്ക് ബന്ധപ്പെട്ട നോള്‍ പേജിന്റെ ലങ്ക് ആദ്യം പ്രദര്‍ശിപ്പിക്കുമെന്നും ഗൂഗിള്‍ ഉറപ്പു നല്‍കുന്നു. ഉളളടക്കത്തില്‍ ഗൂഗിള്‍ ഒരുതരത്തിലും ഇടപെടില്ല. അതെല്ലാം എഴുത്തുകാരുടെ ഉത്തരവാദിത്വമാണെന്നാണ് കമ്പനിയുടെ നിലപാട്.
ഒരേ വിഷയത്തില്‍ തന്നെ ഒന്നിലധികം നോള്‍ പേജുകള്‍ സാധ്യമാണെന്നും ഈ തരത്തില്‍ മത്സരം ഉണ്ടാകുന്നത് ഉളളടക്കത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുമെന്നും ഗൂഗിള്‍ പറയുന്നു.
എഴുതുന്നതിന് യാതൊരു പ്രതിഫലവും ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നില്ല. എന്നാല്‍ ഓരോരുത്തര്‍ക്കും തങ്ങളുടെ നോള്‍ പേജില്‍ പരസ്യത്തിനുളള സൗകര്യം കമ്പനി ചെയ്യും. അതില്‍ നിന്നുളള വരുമാനം എഴുത്തുകാരുമായി പങ്കിടുകയും ചെയ്യും. പ്രസക്തമായ വിഷയങ്ങളില്‍ നന്നായി എഴുതാന്‍ കഴിയുന്നവര്‍ക്ക് പുതിയൊരു വരുമാനമാര്‍ഗമാണ് ഗൂഗിള്‍ തുറന്നിടുന്നത്. ഇവിടെ വിക്കിയെ ഗൂഗിള്‍ ബഹുദൂരം പിന്നിലാക്കിയേക്കാം.
കമന്റുകള്‍ എഴുതാനും ചോദ്യങ്ങള്‍ ഉന്നയിക്കാനും ഉളളടക്കത്തില്‍ പ്രസക്തമായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താനും മറ്റുളളവര്‍ക്ക് അവസരമുണ്ടാക്കുന്ന തരത്തിലായിരിക്കും നോളിന്റെ രൂപകല്‍പന. ബ്ലോഗിന്റെ ഉയര്‍ന്ന രൂപമായി നോള്‍ പ്രവര്‍ത്തിക്കും.
സാങ്കേതിക പരിശോധനകള്‍ കഴിഞ്ഞാല്‍ നോള്‍ ഉടന്‍ നെറ്റ് ഉപഭോക്താക്കളുടെ മുന്നിലെത്തും. ഉളളടക്കത്തിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കു മാത്രമായിരിക്കില്ലെന്നും എല്ലാ സെര്‍ച്ച് എഞ്ചിനുകള്‍ക്കും ഇവ ലഭ്യമാക്കുമെന്നും കമ്പനി അറിയിക്കുന്നു.












Click it and Unblock the Notifications