ഡിജിപിയ്‌ക്ക് ലീഡറുടെ അനുഗ്രഹം; ഫോട്ടോഗ്രാഫര്‍ക്ക് ഭീഷണി
ഗുരുവായൂര്‍: ഡിജിപി രമണ്‍ ശ്രീവാസ്‌തവ കെ. കരുണാകരന്റെ അനുഗ്രഹം വാങ്ങുന്ന പടമെടുത്ത ഫോട്ടോഗ്രാഫര്‍ക്ക് ശാസന. ഫോട്ടോഗ്രാഫറെ ഭീഷണിപ്പെടുത്തിയ ഡിജിപി ക്യാമറയില്‍ പതിഞ്ഞ ചിത്രം മായ്‌ച്ചുകളയാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്‌തു.
ഞായറാഴ്‌ച രാവിലെ കരുണാകരന്‍ ഗുരുവായൂര്‍ ദര്‍ശനത്തിനെത്തിയപ്പോഴാണ് സംഭവം നടന്നത്. ദര്‍ശനം കഴിഞ്ഞ് ശ്രീവത്സം ഗസ്‌റ്റ് ഹൗസിലെത്തിയ കരുണാകരനെ കണ്ട് അവിടെയുണ്ടായിരുന്ന ഡിജിപി സൗഹൃദം പുതുക്കാനെത്തി.
കാറിനുള്ളിലായിരുന്ന കരുണാകരനോട് ഡിജിപി കുശലം ചോദിച്ചു. കാറിലേയ്‌ക്ക് കുനിഞ്ഞ ഡിജിപിയുടെ ശിരസ്സില്‍ ലീഡര്‍ കൈവച്ച് അനുഗ്രഹിച്ചു. ഈ രംഗം സമീപത്തുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ ക്യാമറയില്‍ പകര്‍ത്തി.
കേന്ദ്രമന്ത്രി ശിവരാജ് പാട്ടീലിന്റെ ഗുരുവായൂര്‍ സന്ദര്‍ശനം പകര്‍ത്താനുള്ള പാസ് ഫോട്ടോഗ്രാഫറുടെ കൈവശമുണ്ടായിരുന്നു. പാട്ടീലിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് ശ്രീവാസ്‌തവയും ഗുരുവായൂരിലെത്തിയത്.
ചിത്രമെടുക്കുന്നത് കണ്ടയുടന്‍തന്നെ ഡിജിപി ഫോട്ടോഗ്രാഫര്‍ക്കുനേരെ തട്ടിക്കയറി. ഫോട്ടോ അപ്പോള്‍ത്തന്നെ മായ്‌പ്പിയ്‌ക്കുകയും ചെയ്‌തു. ഫോട്ടോയെടുക്കാനായി ഇയാള്‍ക്ക് ലഭിച്ചിരുന്ന പാസ് ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം പൊലീസുകാര്‍ പിടിച്ചെടുത്തുവെങ്കിലും പിന്നീട് അത് തിരികെ നല്‍കി.












Click it and Unblock the Notifications