ശബരിമല പ്രശ്‌നം ഒരാഴ്‌ചയ്‌ക്കുള്ളില്‍ പരിഹരിക്കും: വി.എസ്
തിരുവനന്തപുരം: ശബരിമലയിലെ അരവണ പ്രശ്‌നം ഒരാഴ്‌ചക്കുള്ളില്‍ പരിഹരിക്കുമെന്ന്‌മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു.
ശബരിമലയിലെ പ്രശ്‌നങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
അരവണ വിതരണത്തിനായി ഒന്നര ലക്ഷം ടിന്നുകളാണ് ദിവസേന ആവശ്യമുള്ളത്. ഒന്നേകാല്‍ ലക്ഷം ടിന്നുകളേ കരാറുകാര്‍ നല്‌കുന്നുള്ളൂ. തീര്‍ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഏര്‍പ്പെടുത്താനുള്ള പദ്ധതികള്‍ നടപ്പാക്കും. മിനി ഓപ്പറേഷന്‍ തിയേറ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഡിസംബറില്‍ത്തന്നെ ഇതു സജ്ജമാക്കും- വി.എസ് പറഞ്ഞു.
വാഹനങ്ങളുടെ പാര്‍ക്കിംഗിനായി കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ട് നിലയ്‌ക്കലില്‍ ഇതിനായി സ്ഥലം കണ്‌ടെത്തും. ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു ഐ.എ.എസ്‌ഉദ്യോഗസ്ഥനെ സ്‌പെഷല്‍ ഓഫീസറായി നിയോഗിക്കുന്ന കാര്യം പരിഗണനയിലുണ്‌ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ വിവിധ വകുപ്പ്‌മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു. ദേവസ്വംമന്ത്രി ജി സുധാകരന്‍ യോഗത്തില്‍ പങ്കെടുത്തിട്ടില്ല. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെയും അംഗങ്ങളെയും യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി വിളിച്ചിരുന്നില്ല.
കെ.ജയകുമാര്‍, ഡോക്ടര്‍ വി. വേണു എന്നിവരുടെ പേരുകളാണ് സ്‌പെഷ്യല്‍ കമ്മീഷണര്‍ സ്ഥാനത്തേയ്‌ക്ക് കാര്യമായി പരിഗണിക്കുന്നതെന്നാണ് സൂചന.
ശബരിമലയില്‍ പലകാര്യങ്ങളും അവതാളത്തിലായതിനെത്തുടര്‍ന്ന് പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
തെറ്റിയ്ക്കാന്‍ നോക്കേണ്ട: സുധാകരന്‍
ആലപ്പുഴ: താന്‍ പങ്കെടുക്കുന്നില്ലെങ്കിലും യോഗത്തില്‍ കൈക്കൊള്ളേണ്ട നിലപാടുകള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി സുധാകരന്‍ അറിയിച്ചു. ആലപ്പുഴയില്‍ കയര്‍ ഡിപ്പോ സമരവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയാണ് അദ്ദേഹം.
യോഗം വിളിക്കാന്‍ മുഖ്യമന്ത്രിക്ക് അവകാശമുണ്ട്. മുഖ്യമന്ത്രി ഇക്കാര്യം ഏറ്റെടുത്തതില്‍ ഒരു തെറ്റുമില്ല. യോഗത്തിന് ആവശ്യമായ എല്ലാ ഫയലുകളും നല്‍കിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും വിശദമാക്കി അദ്ദേഹത്തിന് ഫാക്സ് മുഖേന കത്തും അയച്ചിട്ടുണ്ട്. എന്നെയും മുഖ്യമന്ത്രിയെയും തമ്മില്‍ തെറ്റിക്കാന്‍ ആരും നോക്കേണ്ട- മന്ത്രി പറഞ്ഞു.
കാസര്‍കോട് നിന്നും ഇന്ന് രാവിലെ 2.30 മണിയോടെയാണ് മന്ത്രി ആലപ്പുഴയിലെത്തിയത്. മുഖ്യമന്ത്രിയോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും തിരുവനന്തപുരത്ത് എത്താന്‍ കഴിയാത്തത് കൊണ്ടാണ് യോഗത്തില്‍ പങ്കെടുക്കാത്തതെന്നുമാണ് മന്ത്രിയുടെ വിശദീകരണം. ആലപ്പുഴയിലുള്ള മന്ത്രി മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം പറഞ്ഞത്.












Click it and Unblock the Notifications