കുടവയറും പൊണ്ണത്തടിയും വേണ്ടെന്ന് സാന്റ ക്ലോസ്
ലണ്ടന്‍: കുടവയറില്ലാത്ത സാന്റാ ക്ലോസിനെ നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനെങ്കിലും കഴിയുമോ? സാന്റാ ക്ലോസ് എന്നു പറയുമ്പോള്‍ത്തന്നെ പരുത്തിയുടെ കുമ്പില്‍ത്തൊപ്പിയും കുടവയറും തന്നെയല്ലേ ആദ്യം ഓര്‍മ്മവരുന്നത്?
എന്നാല്‍ ഒരു സാന്റാ ക്ലോസ് മെയ്‌ക്കപ്പ് അണിയുമ്പോള്‍ കുടവയറുണ്ടാക്കാനായി ഒരു തലയിണ ഉടുപ്പിനുള്ളില്‍ വെയ്‌ക്കാന്‍ സമ്മതിച്ചില്ലത്രേ. സാന്റ ഇങ്ങനെ ഒരു ദുശ്ശാഠ്യം പിടിച്ചതിന് കാരണവുമുണ്ട്. കുടവയറുമായി നടക്കുന്നത് കുട്ടികളിലെ പൊണ്ണത്തടിയെ പ്രോത്സാഹിപ്പിക്കുന്നതിന് സമമാണെന്നാണ് സാന്റയുടെ പക്ഷം.
കുട്ടികള്‍ക്കിടയിലെല്ലാം സാന്റ ഒരു മാതൃകയാണ് ആ നിലയ്‌ക്ക് കുടവയറും ചാടി പൊണ്ണത്തടിയായി വേഷം കെട്ടി നടക്കുന്നത് തെറ്റായ സന്ദേശമല്ലേ കുട്ടികള്‍ക്ക് നല്‍കുക- ബ്രിട്ടനില്‍ ഒരു ഷോപ്പിംഗ് സെന്‍ററില്‍ സാന്‍റയായി വേഷമിടുന്ന ബില്‍ വിന്റണ്‍ പറയുന്നു. ഇദ്ദേഹമാണ് കുടവയറും പൊണ്ണത്തടിയുമായി ഒരുങ്ങാന്‍ വിസമ്മതിച്ചത്.
മെലിഞ്ഞ സാന്റയായി വേഷം കെട്ടിയപ്പോള്‍ പല കുട്ടികളും എണ്‍പതുകാരനായ ഇദ്ദേഹത്തോട് ചോദിച്ചുവത്രേ അങ്ങേയ്‌ക്ക് എന്താണ് കുടവയറും പൊണ്ണത്തടിയുമില്ലാത്തതെന്ന്. അപ്പോള്‍ താന്‍ നല്ലഭക്ഷണം കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും പൊണ്ണത്തടി നല്ലതല്ലെന്നും ഇദ്ദേഹം മറുപടി നല്‍കിയത്രേ. ഇത്തരത്തില്‍ കുട്ടികളെ ബോധവല്‍ക്കരിക്കാന്‍ കഴിയുമെന്നാണ് വിന്റണ്‍ പറയുന്നത്.
പലസ്ഥാപനങ്ങളും ക്രിസ്‌മസ് കാലമാകുമ്പോള്‍ സ്വന്തമായി ക്രിസ്‌മസ് അപ്പൂപ്പന്‍മാരെ തെരുവില്‍ അണിനിരത്താറുണ്ട്. അപ്പൂപ്പന്‍മാര്‍ക്ക് നല്ല തടി തോന്നിക്കാനും കൂടുതല്‍ ആകര്‍ഷകരാക്കാനുമായി മിക്ക സ്ഥാപനങ്ങളും ഇവര്‍ക്ക് സൗജന്യമായി ഭക്ഷണവും ബീറും നല്‍കാറുമുണ്ട്.
എന്നാല്‍ തടിയും കുടവയറുമാണ് സാന്റാ ക്ലോസിന്റെ പ്രത്യേകതയെന്ന് ഇത് കുട്ടികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നതില്‍ കഴമ്പില്ലെന്നുമാണ് ചില സ്ഥാപനങ്ങള്‍ അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications