സിപിഎമ്മുകാര്‍ അമ്മയെയും രണ്ടു മക്കളെയും ബലാത്സംഗം ചെയ്‌തു: സിബിഐ
ദില്ലി: നന്ദിഗ്രാം കൂട്ടക്കൊല അന്വേഷിക്കുന്ന സിബിഐ സംഘം സിപിഎം പ്രവര്‍ത്തകര്‍ക്കും പോലീസിനുമെതിരെ പുതുതായി നാല് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു.
മദ്യപിച്ചെത്തിയ സിപിഎം നേതാവും സംഘവും ഒരു കുടുംബത്തിലെ അമ്മയെയും രണ്ട് മക്കളെയും ബന്ദികളാക്കി രണ്ടു ദിവസത്തോളം ബലാത്സംഗം ചെയ്‌തുവെന്നാണ് ഒരു കേസ്.കൂടാതെ ഇവരുടെ വസ്‌തുവകകള്‍ പിടിച്ചെടുക്കുകയും തിരിച്ചു കൊടുക്കുന്നതിന് പണം ആവശ്യപ്പെട്ടതായും ആരോപണമുണ്ട്.
ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടികള്‍ക്ക് മരുന്നെന്ന വ്യാജേന വിഷം കൊടുത്തതായും സിബിഐ സമര്‍പ്പിച്ച എഫ്‌ഐആറില്‍ പറയുന്നു.
സിബിഐ രജിസ്റ്റര്‍ ചെയ്‌ത മറ്റൊരു കേസ് ബലാത്സംഗത്തിനിരയായവര്‍ പരാതി നല്‌കിയിട്ടും പ്രതികള്‍ക്കെതിരെ പോലീസ് കേസ് എടുക്കാത്തതിനാണ്.
കഴിഞ്ഞ ദിവസം സിബിഐ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നന്ദിഗ്രാം വെടിവെയ്‌പിനെക്കുറിച്ചുള്ള ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും കേസന്വേഷണം പൂര്‍ത്തിയാക്കാന്‍ രണ്ടു മാസത്തെ സാവകാശം കൂടി വേണമെന്ന് കോടതിയോട അപേക്ഷിക്കുകയും ചെയ്തിരുന്നു.
അതു പ്രകാരം ഫെബ്രുവരി 15നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.
നന്ദിഗ്രാമില്‍ പോലീസ് നടത്തിയ 57 റൗണ്ട് വെടിവെയ്‌പിനെപ്പറ്റിയും സിബിഐ സംഘം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
വെടിവെയ്‌പില്‍ 14 പേര്‍ മരിച്ചതും 70 ഓളം പേര്‍ക്ക് പരിക്കേറ്റതും കൂടുതല്‍ റൗണ്ട് വെടിവെയ്‌പിനെത്തുടര്‍ന്നാകാം എന്നാണ് സിബിഐ സംശയിക്കുന്നത്.
നേരത്തെ ഇക്കാര്യത്തില്‍ കൊല്‍ക്കത്ത ഹൈക്കോടതിയും സംശയം പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications