ഒളിച്ചോടാന്‍ സഹായം നല്‍കിയെന്നാരോപിച്ച് സ്‌ത്രീകളെ ചാട്ടകൊണ്ടടിച്ചു
നാസിക്: പെണ്‍കുട്ടിയെ ഒളിച്ചോടാന്‍ സഹായിച്ചുവെന്ന സംശയത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ രണ്ടു സ്‌ത്രീകളെ മരത്തില്‍ കെട്ടിയിട്ട് ചാട്ടകൊണ്ട് അടിച്ചു.
മഹാരാഷ്ട്രയിലെ ജഗത്‌പുരയിലെ സിദ്ധാര്‍ത്ഥ് നഗറില്‍ ചൊവ്വാഴ്‌ചയാണ് സംഭവം നടന്നത്. സിന്നാര്‍ഫാത്തയില്‍ താമസക്കാരിയായ പ്രിയങ്ക വിനായക് ചവാന്‍(19) ഒളിച്ചോടിയതുമായി ബന്ധപ്പെട്ടാണ് ബന്ധുക്കള്‍ സ്‌ത്രീകളെ മര്‍ദ്ദിച്ചത്.
നവംബര്‍ അഞ്ചിനാണ് പ്രിയങ്കയെ വീട്ടില്‍ നിന്നും കാണാതായത്. കാമുകനായ ഗൗരവ് മനോഹര്‍ പാട്ടിലുമൊത്ത് പ്രിയങ്ക ഒളിച്ചോടിയെന്നാണ് ചവാന്‍ കുടുംബം സംശയിച്ചത്. നവംബര്‍ 6ന് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതിയും കൊടുത്തു.
അന്വേഷണം നടക്കുന്നതിനിടെ പ്രിയങ്കയും ഗൗരവും ഗൗരവിന്റെ ബന്ധുവീട്ടില്‍ താമസിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചു. ഇതറിഞ്ഞ ചവാന്‍ കുടുംബം കാര്യത്തിന്റെ സത്യാവസ്ഥയറിയാന്‍ ജഗത്‌പുരിലേയ്‌ക്കു പുറപ്പെട്ടു.
ബന്ധുവീട്ടില്‍ പ്രിയങ്കയെ കാണാതെവന്നപ്പോള്‍ അവിടെയുണ്ടായിരുന്ന സംഗീത(32)യെയും സഹോദരി മനിഷാ രാജുഭാരിത്(26)നെയും പ്രിയങ്കയുടെ ബന്ധുക്കള്‍ വലിച്ചുകൊണ്ടുപോയി മരത്തില്‍ കെട്ടിയിട്ട് ചാട്ടകൊണ്ട് അടിച്ചു.
രണ്ടുസ്‌ത്രീകളും ചവാന്‍കുടുംബത്തിന്റെ കയ്യില്‍ നിന്നും ഒരുവിധത്തിലാണ് രക്ഷപ്പെട്ടത്. ചവാന്‍ കുടുംബത്തിനെതിരെ സ്‌ത്രീ പീഡനം ആരോപിച്ച് പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications