ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കുത്തഴിഞ്ഞതാണെന്ന് കമ്മീഷന്‍
കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കുത്തഴിഞ്ഞതാണെന്നും ഇത് നാടിന് അപമാനകരമാണെന്നും ജസ്റ്റിസ് കെ.എസ് പരിപൂര്‍ണ്ണന്‍ കമ്മീഷന്‍ കുറ്റപ്പെടുത്തി.
രാഷ്ട്രീയം പൂര്‍ണ്ണമായും ഒഴിവാക്കി ബോര്‍ഡിനെ പുനസംഘടിപ്പിക്കാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്‌തു. ദേവസ്വം ഭരണ അടിമുടി ശുദ്ധീകരിച്ച് വിശ്വാസം വീണ്ടെടുക്കാന്‍ ബോര്‍ഡ് പ്രവര്‍ത്തനത്തില്‍ സമൂലമായ മാറ്റം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജി.രാമന്‍ നായര്‍ പ്രസിഡന്റും എം.ബി ശ്രീകരുമാര്‍, പുനലൂര്‍ മധു എന്നിവര്‍ അംഗങ്ങളുമായിരുന്ന മുന്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളിലെല്ലാം സംശയത്തിന്റെ മറയുണ്ടെന്നും ഒരു കാര്യത്തിനും അച്ചടക്കമില്ലെന്നും കുറ്റപ്പെടുത്തുന്നുണ്ട്.
ബോര്‍ഡിലെ നിയമനങ്ങള്‍, ഫണ്ട് വകമാറ്റി ചെലവാക്കല്‍, വിവാദമായ ദേവപ്രശ്‌നം, ശാന്തി നിയമനം, സ്ഥലം മാറ്റം, ശര്‍ക്കര കരാര്‍, തേങ്ങ ലേലം, ബോര്‍ഡംഗങ്ങള്‍ക്ക് ആഡംബര വീടും കാറും അനുവദിക്കല്‍ തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില്‍ ക്രമക്കേടു നടന്നതായി കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.
ഉത്തരവാദിത്തങ്ങളില്‍ വീഴ്‌ചവരുത്തുകയും ക്രമക്കേട് നടത്തുകയും ചെയ്‌തതായി കണ്ടെത്തിയ നാലു ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ നടത്തുന്നതിനായി വിരമിച്ച ഹൈക്കോടതി ജഡ്‌ജി ചെയര്‍മാനായ പ്രത്യേക ബോര്‍ഡ് രൂപീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ശബരിമലയലെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നു.
79 ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളത്.ബുധനാഴ്‌ച രാവിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിന്റെ വസതിയില്‍ എത്തിയാണ് ജസ്‌റ്റിസ് പരിപൂര്‍ണ്ണന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിച്ച കോടതി അവധിക്കുശേഷം ജനുവരി എട്ടിന് പരിഗണിക്കാനായി മാറ്റിവച്ചു.
ജസ്റ്റിസ് കെ.എസ് പരിപൂര്‍ണ്ണന്‍ അധ്യക്ഷനും ജസ്റ്റിസ് ബി.എം തുളസീദാസ്, സിബിഐ മുന്‍ ഡയറക്ടര്‍ ഡി.ആര്‍. കാര്‍ത്തികേയന്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്‍ കഴിഞ്ഞ ജനുവരിയിലാണ് അന്വേഷണം ആരംഭിച്ചത്.












Click it and Unblock the Notifications