കാമുകിക്കായി പണമുണ്ടാക്കാന്‍ യുവാവ് സ്വയം റാഞ്ചി
പട്ന: ആരെയെങ്കിലുമൊക്കെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുന്ന സംഘങ്ങളെയും വ്യക്തികളെയും കുറിച്ച് നമ്മള്‍ കേട്ടിട്ടില്ലേ? എന്നാല്‍ സ്വയം റാഞ്ചി മോചനദ്രവ്യം ആവശ്യപ്പെടുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?
പട്നയില്‍ കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു സംഭവം നടന്നു. ഒരു യുവാവ് നാട്ടില്‍ നിന്നും ഒളിച്ചുപോയി മറ്റൊരിടത്ത് താമസിക്കുകയും സ്വന്തം പിതാവിനോട് മോചനദ്രവ്യം ആവശ്യപ്പെടുകയുമാണ് ചെയ്‌തത്.
ബുദ്ധ ദന്റല്‍ കോളെജിലെ നാലാംവര്‍ഷ വിദ്യാര്‍ത്ഥിയായ നിഷികാന്ത് കുമാര്‍ ആണ് റാഞ്ചല്‍ നാടകം കളിച്ചത്. നിഷികാന്ത് തന്നെയാരോ തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്ന് ബിസിനസുകാരനായ പിതാവ് രാം പ്രവേശ് സിംഗിനെ ധരിപ്പിച്ചു. സംഗതി വിശ്വസിച്ച സിംഗ് മകനെ തട്ടിക്കൊണ്ടുപോയതായി പൊലീസില്‍ പരാതി നല്‍കി.
ബന്ധുവായ കരംഭീറുമായി ചേര്‍ന്നാണ് നിഷികാന്ത് റാഞ്ചല്‍ നാടകം ആസൂത്രണം ചെയ്‌തത്. കാമുകിയെ വിവാഹം ചെയ്യാന്‍ വേണ്ടിയാണത്രേ നിഷികാന്ത് ഇത്തരത്തിലൊരു നാടകം കളിച്ചത്.
റാഞ്ചല്‍ നാടകം ആസൂത്രണം ചെയ്‌ത് സ്വന്തം മോട്ടോര്‍ ബൈക്ക് സുഹൃത്തുക്കളെ ഏല്‍പ്പിച്ച് ഡിസംബര്‍ 16ന് ബന്ധു കരംഭീറിനൊപ്പം ഹൗറയ്‌ക്ക് ട്രയിന്‍ കയറി. ഹൗറയില്‍ ഇവര്‍ റയില്‍വേസ്‌റ്റേഷന് സമീപം ഒരു ഹോട്ടല്‍മുറിയെടുത്തു താമസിച്ചു.
അതിന്‌ശേഷം നിഷികാന്ത് ബന്ധുവിനെക്കൊണ്ട് അച്ഛനെ വിളിപ്പിച്ച് അജ്ഞാതര്‍ തന്നെ തട്ടിക്കൊണ്ടുവന്നിരിക്കുകയാണെന്നും സ്വതന്ത്രനാകാന്‍ ഇരുപത് ലക്ഷം രൂപ നല്‍കേണ്ടതുണ്ടെന്നും അറിയിച്ചു.
പിതാവിന്റെ പരാതി പ്രകാരം സംഭവത്തെക്കുറിച്ച് അന്വേഷിച്ച പൊലീസ് ഹൗറയില്‍ നിന്നും നിഷികാന്തിനെയും കരംഭീറിനെയും അറസ്റ്റുചെയ്‌തു. ചോദ്യം ചെയ്യലിനിടെയാണ് തന്റെ കാമുകിയെ വിവാഹം ചെയ്യുന്നതിനായി പണമുണ്ടാക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു നാടകം ആസൂത്രണം ചെയ്‌തതെന്ന് നിഷികാന്ത് വെളിപ്പെടുത്തിയത്.












Click it and Unblock the Notifications