ദിവാകരന്റെ ആന്ധ്ര സന്ദര്‍ശനത്തിനെതിരെ ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്തെ അരിക്ഷാമം പരിഹരിക്കാനായി ഭക്ഷ്യമന്ത്രി സി ദിവാകരന്‍ നടത്തിയ ആന്ധ്ര സന്ദര്‍ശനം കോന്തന്‍ കൊല്ലത്ത് പോയതുപോലെയാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ അരിക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിച്ചെന്നു ഭക്ഷ്യമന്ത്രി പറയുന്നുണ്ട്. എന്നാല്‍ അദ്ദേഹം ആന്ധ്ര മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്നാണ് വിവരം കിട്ടിയത്. അവിടത്തെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താതെ എങ്ങനെയാണ് ദിവാകരന്‍ നടപടി സ്വീകരിച്ചത്- ചെന്നിത്തല ചോദിച്ചു.
പൊതുവിതരണ വകുപ്പിനെ സ്വതന്ത്രമായി ഭരിക്കാന്‍ അനുവദിക്കാത്ത ധനവകുപ്പാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നത്. വിപണിയില്‍ ഇടപെടേണ്ട സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നിത്യ നിദ്രയിലാണ്. പാര്‍ട്ടി പിടിക്കാനുള്ള പ്രവര്‍ത്തനമല്ലാതെ ഇച്ഛാശക്തിയുള്ള ഭരണം കാഴ്‌ചവെക്കാന്‍ മുഖ്യമന്ത്രിയ്‌ക്കും മറ്റുമന്ത്രിമാര്‍ക്കും കഴിയുന്നില്ല.
സാധാരണക്കാരന് വേണ്ടി നീങ്ങാത്ത ഫയലുകള്‍ സേവി മനോമാത്യുവിനെയും സാന്റിയാഗോ മാര്‍ട്ടിനെയും പോലുള്ളവര്‍ക്കുവേണ്ടി സെക്രട്ടേറിയറ്റില്‍ നിന്നും റോക്കറ്റ് വേഗത്തിലാണ് നീങ്ങുന്നത്- രമേശ് കുറ്റപ്പെടുത്തി.
വിലക്കയറ്റത്തിനെതിരെ ശനിയാഴ്‌ച യുഡിഎഫ് നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.












Click it and Unblock the Notifications