ജേക്കബ് ഗ്രൂപ്പ് യുഡിഎഫിലേക്ക്
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിനെ മുന്നണിയിലെടുക്കാനുള്ള യുഡിഎഫിന്റെ ഔദ്യോഗിത തീരുമാനം താമസിയാതെയുണ്ടാവും. ജേക്കബിനോടുള്ള സമീപനം കെ.എം. മാണി മാറ്റിയതോടെയാണ് ജേക്കബ് ഗ്രൂപ്പിനെ മുന്നണിയിലെടുക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്.
കെ.മുരളീധരനുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഡിഐസി വിട്ട് വീണ്ടും പാര്‍ട്ടി പുനരുജ്ജീവിപ്പിച്ച ജേക്കബ് അതിനു ശേഷം യുഡിഎഫില്‍ കയറിപ്പറ്റാനുള്ളശ്രമത്തിലായിരുന്നു. പക്ഷേ കെ.എം.മാണിയുടെ എതിര്‍പ്പ് മൂലം ആ ശ്രമം സഫലമാകാതെ നീണ്ടുപോയി.
മറ്റ് ഘടകകക്ഷികള്‍ക്കൊന്നും എതിര്‍പ്പില്ലാതിരുന്നിട്ടും മാണി ജേക്കബ് ഗ്രൂപ്പിന്റെ യുഡിഎഫ് പ്രവേശനത്തിന് തടസമാവുകയായിരുന്നു. എന്നാലിപ്പോള്‍ വിവിധ കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ ഒന്നിക്കാന്‍ തീരുമാനിച്ചതോടെ ജേക്കബിനെ യുഡിഎഫിലെടുക്കരുതെന്ന നിലപാടില്‍ നിന്നും മാണി പിന്നോട്ടുപോയി.
ജനവരി 24ന് ചേരുന്ന യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തില്‍ ജേക്കബ് ഗ്രൂപ്പിനെ മുന്നണിയിലേക്ക് ക്ഷണിക്കാന്‍ ഔദ്യോഗികമായി തീരുമാനിച്ചേക്കും.