സംസ്ഥാനത്ത് ഭൂസ്വാമിമാര്‍ വളരുന്നുണ്ടെന്ന് വി.എസ്
തിരുവനന്തപുരം: ഭൂപരിഷ്‌കരണ നിയമത്തെ തോല്‍പ്പിക്കുന്നവിധത്തില്‍ സംസ്ഥാനത്ത് ഭൂമസ്വാമിമാര്‍ വളരുകയാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.
ഇത്തരക്കാരെ നേരിടുന്നകാര്യം സിപിഎം ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭൂമികയ്യേറ്റങ്ങള്‍ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായും തടയുന്നതിനും പാര്‍ട്ടിക്കു കഴിഞ്ഞിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. സമ്മേളന പരിപാടികള്‍ക്കൊപ്പം ഇത്തരം പ്രശ്‌നങ്ങളിലും പാര്‍ട്ടി ശ്രദ്ധ പ്രകടിപ്പിക്കണം. കൃഷി നിലങ്ങള്‍ നികത്തിയും ഒരാള്‍ക്ക് പരമാവധി 15 ഏക്കര്‍ ഭൂമിയെന്ന പരിഷ്‌കരണ നിയമത്തിലെ നിര്‍ദ്ദേശം ലംഘിച്ചുമാണ് ഭൂസ്വാമിമാര്‍ വളരുന്നത്.
അനധികൃതമായി ഭൂമി കയ്യേറി ജലസേചന വകുപ്പിന്റെ പൈപ്പിന് മുകളില്‍പ്പോലും ബഹുനിലക്കെട്ടിടങ്ങല്‍ ഉയര്‍ന്നു. ഇതൊന്നും നമ്മുടെ പാര്‍ട്ടിക്കാര്‍ അറിഞ്ഞില്ല. അവര്‍ ഉറങ്ങിപ്പോയതാണോയെന്ന് പരിശോധിക്കണം തിരുത്തേണ്ടവയുണ്ടെങ്കില്‍ തിരുത്തണം- മുഖ്യമന്ത്രി പറഞ്ഞു.
ഇടുക്കിയിലും മൂന്നാറിലും മാത്രമല്ല കേരളത്തിലെ കായലുകളും തീരപ്രദേശങ്ങളും കോവളം കൊട്ടാരവുമെല്ലാം പ്രമാണിമാര്‍ കയ്യേറി കൈവശം വച്ചിരിക്കുകയാണ്. ഇവ തിരികെ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ കേസിന് പോവുകയാണ്. മൂന്നാറിലെ മുഴുവന്‍ കയ്യേറ്റങ്ങളും ഒഴിപ്പിക്കും. സര്‍വ്വേ പൂര്‍ത്തിയാകുന്നതോടെ ടാറ്റയുള്‍പ്പെടെയുള്ളവര്‍ കയ്യേറിയ മുഴുവന്‍ ഭൂമിയും ഒഴിപ്പിക്കും- അദ്ദേഹം വ്യക്തമാക്കി.
കര്‍ഷകര്‍ക്ക് ദോഷം ചെയ്യുന്ന നിലപാടുകളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വിവരസാങ്കേതികവിദ്യക്കൊപ്പംതന്നെ പരമ്പരാഗത വ്യവസായങ്ങളും പ്രോത്സാഹിപ്പിക്കുന്നതാണ് സംസ്ഥാന സര്‍ക്കാറിന്റെ നയം.
പാര്‍ട്ടിയുടെ പോരായ്‌മകള്‍ക്കൊപ്പം സര്‍ക്കാറിന്റെ പോരായ്‌മകളും ജില്ലാ സമ്മേളന ചര്‍ച്ചകളില്‍ ചൂണ്ടിക്കാട്ടണെന്ന് വി.എസ് പ്രതിനിധികളോട് ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ വ്യക്തിപരമായ വിമര്‍ശനത്തിലേക്ക് വഴിമാറിപ്പോകരുതെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.












Click it and Unblock the Notifications