നടന്റെ ആത്മഹത്യ; അമ്മയ്‌ക്കെതിരെ കാമുകി
ചെന്നൈ: മലയാളിയായ തമിഴ്‌നടന്‍ പ്രവീണ്‍കുമാറിന്റെ ആത്മഹത്യ അമ്മയുടെ മാനസികപീഡനത്തെത്തുടര്‍ന്നാണെന്ന് കാമുകിയുടെ ആരോപണം.
തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയായ പ്രവീണ്‍ കുമാറി(26)നെ ഞായറാഴ്‌ചയാണ് വിരുകംപാക്കത്തുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവീണിന്റെ മരണത്തിനുത്തരവാദി കാമുകിയായ സീനത്ത് നിഷ(35) ആണെന്ന് ആരോപിച്ച് അമ്മ സീത പൊലീസില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ തങ്ങളുടെ ബന്ധത്തിന് എതിരുനിന്നിരുന്ന പ്രവീണിന്റെ അമ്മയാണ് മരണത്തിനുത്തരവാദിയെന്നാണ് നിഷ പറയുന്നത്. പ്രവീണിന്റെ അമ്മ തന്നോട് ലക്ഷക്കണക്കിന് രൂപ ആവശ്യപ്പെട്ടെന്നും ഗുണ്ടകളെ വിട്ട് വീട്ടില്‍ നിന്നും ആഭരണങ്ങളും വിലപിടിപ്പുള്ള വസ്‌തുക്കളും കവര്‍ന്നുവെന്നുമാണ് നിഷയുടെ ആരോപണം.
ഞങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കില്ലെന്ന് അവര്‍ പറഞ്ഞിരുന്നു. അമ്മയുടെ മാനസിക പീഡനം സഹിക്കാനാവാതെ പ്രവീണ്‍ ഇതിന് മുമ്പും ആത്മഹത്യയ്‌ക്കൊരുങ്ങിയിരുന്നു. അപ്പോള്‍ പ്രവീണിനെ ചികിത്സിക്കാന്‍ ഞാന്‍ ഒരുപാട് പണം ചെലവാക്കിയിരുന്നു.
പിന്നീട് മദ്യത്തിനടിമയായ പ്രവീണിന് മാനസികചികിത്സ നല്‍കാനും ശ്രമിച്ചിരുന്നു. ഞങ്ങള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അമ്മയായിരിക്കുമെന്ന് കാണിച്ച് ജൂലൈ ഏഴിന് പ്രവീണ്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു- നിഷ പറയുന്നു.
മറ്റൊരാളുടെ ഭാര്യയും ഒരു കുട്ടിയുടെ അമ്മയുമായ നിഷ വടപളനി സ്വദേശിയാണ്. ആര്യ എന്ന സിനിമയുടെ ചിത്രീകരണവേളയിലാണ് പ്രവീണും നിഷയും കണ്ടുമുട്ടുന്നത്. നിഷയുടെ മകന്‍ ആര്യയില്‍ അഭിനയിച്ചിരുന്നു.
പരിചയം പ്രണയമായി വളര്‍ന്നപ്പോള്‍ ഇരുവരും വിവാഹം ചെയ്യാന്‍ നിശ്ചയിച്ചു. ആദ്യഭര്‍ത്താവുമായുള്ള ബന്ധം വേര്‍പെടുത്തി ഒരുമിച്ചു ജീവിക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് പ്രവീണ്‍ ആത്മഹത്യ ചെയ്‌തതെന്ന് നിഷ പറയുന്നു.












Click it and Unblock the Notifications