ഗുജറാത്തിനു പിന്നാലെ ഹിമാചലിലും ബിജെപി
സിംല: ഹിമാചല്‍ പ്രദേശിലും ബിജെപി അധികാരത്തിലേക്ക്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ പി.കെ ധൂമാല്‍ വന്‍ ഭൂരിപക്ഷത്തിന് ബംസാനില്‍ നിന്നും വിജയിച്ചു.
ഇപ്പോഴത്തെ മുഖ്യമന്ത്രിയായ വീരഭദ്ര സിംഗും വിജയിക്കുമെന്നുറപ്പായിട്ടുണ്ട്. ധൂമാലിന്റെ മന്ത്രിസഭ 30ന് അധികാരമേല്‌ക്കും. പുതിയ മന്ത്രിസഭ രൂപവത്‌കരണവുമായി ബന്ധപ്പെട്ട് ബിജെപിയുടെ നിയമസഭ കക്ഷി യോഗം 29ന് സിംലയില്‍ ചേരുന്നുണ്ട്.
സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. കാര്‍ഷിക പ്രതിസന്ധി, തൊഴിലില്ലായ്‌മ, വിലക്കയറ്റം എന്നീ പ്രശ്‌നങ്ങളെ തിരഞ്ഞെടുപ്പ് വിഷയമാക്കിയാണ് ബിജെപി മത്സരിച്ചത്.
68 അംഗ നിയമസഭയിലേക്കുള്ള അവസാന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ 40 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥികളും 24 സീറ്റില്‍ കോണ്‍ഗ്രസും മുന്നിട്ട് നില്‍ക്കുകയാണ്.
കഴിഞ്ഞയാഴ്‌ച ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം കരസ്ഥമാക്കിയിരുന്നു. ഏറെക്കാലമായി അഭ്യന്തര പ്രശ്‌നങ്ങളും വിഷയ ദാരിദ്ര്യവും മൂലം വിഷമിക്കുകയായിരുന്ന ബിജെപിയക്ക് ഇരു സംസ്ഥാനങ്ങളിലെയും വിജയം പുതു ജീവന്‍ നല്‌കിയിരിക്കുകയാണ്.
ഹിമാചലിലും ഗുജറാത്തിലും നേടിയ വിജയങ്ങള്‍ വരാനിരിയ്‌ക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ കേളികൊട്ടാണെന്ന് ബിജെപി നേതാവ് സുഷമ സ്വരാജ് ദില്ലിയില്‍ പ്രസ്‌താവിച്ചു. ഇതോടെ യുപിഎയുടെയും കോണ്‍ഗ്രസിന്റെയും കൗണ്ട് ഡൗണ്‍ ആരംഭിച്ചിരിക്കുകയാണെന്നും സുഷമ പറഞ്ഞു.












Click it and Unblock the Notifications