കടകംപള്ളി സുരേന്ദ്രന്‍ തിരുവന്തപുരം ജില്ലാ സെക്രട്ടറി
തിരുവനന്തപുരം: വിഎസ് പക്ഷത്തെ വെട്ടിനിരത്തിയ തിരുവനന്തപുരം സിപിഎം ജില്ലാ കമ്മിറ്റിയില്‍ പിണറായി പക്ഷത്തിന് മൃഗീയ ഭൂരിപക്ഷം.
ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കാന്‍ ഇരു വിഭാഗങ്ങളും തമ്മില്‍ ചേരി തിരിഞ്ഞ് മത്സരം നടന്നു.
ജില്ലാ കമ്മിറ്റിയില്‍ പൂര്‍ണ ആധിപത്യം സ്ഥാപിച്ച പിണറായി പക്ഷത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ സെക്രട്ടറിയായ പിരപ്പന്‍ കോട് മുരളിയെ വിഎസ് പക്ഷം രംഗത്തിറക്കിയെങ്കിലും ആറിനെതിരെ 36 വോട്ടിന് കടകംപള്ളി സുരേന്ദ്രന്‍ പുതിയ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
പിണറായിയുടെ വിശ്വസ്‌തനും സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റുമാണ് കടകംപളളി സുരേന്ദ്രന്‍. തിരഞ്ഞെടുപ്പില്‍ വിഎസ് പക്ഷത്തുള്ള മൂന്ന് പേര്‍ കൂറുമാറി വോട്ട് ചെയ്‌തിട്ടുണ്ട്.
മറ്റിടങ്ങളില്‍ സമവായത്തിന് ശ്രമിച്ച പാര്‍ട്ടി സംസ്ഥാന നേതൃത്വം തിരുവനന്തപുരം സമ്മേളനത്തില്‍ തിരഞ്ഞെടുപ്പിന് മൗനാനുവാദം നല്‌കുകയായിരുന്നുവെന്ന് വിഎസ് പക്ഷംആരോപിയ്‌ക്കുന്നുണ്ട്. സമവായത്തിന്റെ പേരില്‍ സംസ്ഥാന നേതൃത്വം തന്നെ വെട്ടിനിരത്തിലിന് നേതൃത്വം നല്‌കിയെന്നാരോപിച്ച് വിഎസ് പക്ഷം സിപിഎം പോളിറ്റ് ബ്യൂറോയ്‌ക്ക് പരാതി അയിച്ചിട്ടുണ്ട്.
വി.എസിന്റെ ശക്തി ദുര്‍ഗമായിരുന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റി പിടിക്കാന്‍ പിണറായി പക്ഷം മാസങ്ങള്‍ക്കു മുമ്പേ നീക്കങ്ങള്‍ തുടങ്ങിയിരുന്നു. ഏരിയ സമ്മേളനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ ജില്ലാ കമ്മിറ്റി പിണറായിക്കൊപ്പം നില്‌ക്കുമെന്ന് വ്യക്തമായിരുന്നു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വിഎസിന് പാര്‍ട്ടി സംസ്ഥാന നേതൃത്വം സീറ്റ് നിഷേധിച്ചപ്പോള്‍ ആദ്യം പ്രതിഷേധമുയര്‍ന്നത് തിരുവനന്തപുരത്ത് നിന്നായിരുന്നു. അവിടെ നിന്നുള്ള പ്രതിഷേധ കൊടുങ്കാറ്റാണ് പിന്നീട് വി.എസിന് പിന്തുണയായത്.
തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലെ പിടി അയയുന്നതോടെ വിഎസ് കൂടുതല്‍ ദുര്‍ബലനാകുകയാണ്. പിണറായി പക്ഷത്തെ സംബന്ധിച്ചിടത്തോളം വരാനിരിയ്‌ക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ട്രയല്‍ കൂടിയായി തിരുവനന്തപുരം ജില്ലാ സമ്മേളനം.












Click it and Unblock the Notifications