ബേനസീര്‍ മരിച്ചത് വെടിയേറ്റിട്ടല്ലെന്ന് പാക് സര്‍ക്കാര്‍
ഇസ്ലമബാദ്: റാവല്‍പിണ്‌ടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിനിടെയുണ്‌ടായ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോക്ക് വെടിയേറ്റിരുന്നില്ലെന്ന് പാകിസ്‌താന്‍ ആഭ്യന്തരമന്ത്രാലയം.
ബേനസീര്‍ സഞ്ചരിച്ച വാഹനത്തിന്റെ വാതിലിന്റെ മുകളിലുള്ള ഇരുമ്പു ദണ്ഡില്‍ തല തട്ടിയാണ് മരണം സഭവിച്ചതെന്നാണ് സര്‍ക്കാറിന്റെ വാദം. ഇക്കാര്യം വ്യക്തമാക്കുന്ന വീഡിയോ ടേപ്പ് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.
ബേനസീറിന്റെ ശരീരത്തില്‍ വെടിയുണ്ടയേറ്റിട്ടില്ലെന്നാണ് എക്‌സറേ റിപ്പോര്‍ട്ടില്‍ തെളിഞ്ഞതെന്ന് പാക് ആഭ്യന്തരമന്ത്രി ഹാമിദ് നവാസ് അറിയിച്ചതിന് പിന്നാലെയാണ് മരണം വെടിയേറ്റല്ലെന്ന വെളിപ്പെടുത്തലുണ്ടായത്.
ആക്രമണമുണ്ടായതിനെത്തുടര്‍ന്ന് ബേനസീറിനെ പ്രവേശിപ്പിച്ച റാവല്‍പ്പിണ്ടി ജനറല്‍ ആശുപത്രിയില്‍ നിന്നും കിട്ടിയ റിപ്പോര്‍ട്ടില്‍ മരണം നടന്നത് വെടിയുണ്ടയേറ്റിട്ടല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നതെന്നും ആഭ്യന്തരമന്ത്രാലായം പറയുന്നു.
അക്രമി മൂന്നുതവണ വെടിവെയ്‌ക്കുന്ന ദൃശ്യം വീഡിയോ ടേപ്പിലുണ്ട്. പക്ഷേ വെടി ബേനസീറിന് കൊണ്ടില്ല. ഇടതുവശത്തുനിന്നാണ് അക്രമി വെടിവെയ്‌ക്കുന്നത്. എന്നാല്‍ ബേനസീറിന്റെ തലയുടെ വലതുവശത്താണ് പരുക്കേറ്റിരിക്കുന്നത്.
വെടിവെയ്‌പുണ്ടായപ്പോള്‍ ബേനസീര്‍ പെട്ടന്ന് വണ്ടിയ്‌ക്കുള്ളിലേയ്‌ക്ക് കുനിയുകയും അപ്പോള്‍ വലതുവശം ഇരുമ്പു ദണ്ഡില്‍ തട്ടി പരുക്കേല്‍ക്കുകയും ചെയ്‌തുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ബേനസീറിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞതിനെത്തുടര്‍ന്ന് അവരുടെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം ചെയ്‌തിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
ബേനസീറിന് പാക് സര്‍ക്കാര്‍ ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നുവെന്ന് ആഭ്യന്തരവകുപ്പ് വക്താവ് പറഞ്ഞു. ബേനസീറിനെ വധിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അല്‍ ക്വയ്‌ദയാണെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്‌ടെന്നും വക്താവ് അറിയിച്ചു.
ബേനസീറിന്റെ വധത്തെ അഭിനന്ദിച്ചുകൊണ്‌ട് അല്‍ ക്വയ്‌ദ നേതൃത്വം പുറപ്പെടുവിച്ച സന്ദേശം സര്‍ക്കാര്‍ തിരിച്ചറിയുകയും വധത്തെക്കുറിച്ച് രണ്‌ട് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിടുകയും ചെയ്‌തിട്ടുണ്ട്.
എന്നാല്‍ വെടിയേറ്റല്ല ബേനസീര്‍ കൊല്ലപ്പെട്ടതെന്ന സര്‍ക്കാര്‍ വെളിപ്പെടുത്തല്‍ ബേനസീറിന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) തള്ളിക്കളഞ്ഞു. ബേനസീറിന് വെടിയേല്‍ക്കുന്നത് കണ്‌ട ദൃക്ഷസാക്ഷികളുണ്‌ടെന്ന് പാര്‍ട്ടി വ്യക്തമാക്കി.
ഒപ്പം ബേനസീറിന്റെ ഭര്‍ത്താവ് ആസിഫ് അലി സര്‍ദാരിയും സര്‍ക്കാറിന്റെ വാദത്തെ നിഷേധിച്ചിട്ടുണ്ട്. ബേനസീറിന്റെ വധവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടാനാണ് പാക് സര്‍ക്കാര്‍ ഇത്തരത്തിലൊരു കഥ മെനഞ്ഞതെന്നാണ് സര്‍ദാരി പറയുന്നത്.












Click it and Unblock the Notifications