പുതുവര്‍ഷരാവില്‍ ലാലു പ്രസാദിന്റെ മക്കള്‍ക്ക് മര്‍ദ്ദനം
ദില്ലി: പുതുവര്‍ഷരാഘോഷത്തിനിടെ പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയ മന്ത്രിപുത്രന്മാര്‍ക്ക് മര്‍ദ്ദനമേറ്റു.
കേന്ദ്ര റയില്‍മന്ത്രി ലാലു പ്രസാദ് യാദവിന്റെ മക്കളായ തരുണിനും തേജ്‌പാലിനുമാണ് പൂവാലലീലകള്‍ കാണിച്ചതിനെത്തുടര്‍ന്ന് യുവാക്കളോട് തല്ലു കിട്ടിയത്. ദക്ഷിണ ദില്ലിയില്‍വച്ചാണ് ഇവര്‍ക്ക് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ പരുക്കേറ്റ രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ആശോക ഹോട്ടലിലും കോണാട്ട് പ്ലേസിലുമുള്ള ആഘോഷങ്ങള്‍ കഴിഞ്ഞ് ഛത്തര്‍പൂരിലെ പാര്‍ട്ടിക്കു പോകുന്നതിനിടെ മെഹ്‌റോളിലെ ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്ന പെണ്‍കുട്ടികളെ ഇവര്‍ കമന്റടിച്ചു. അപ്പോള്‍ പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാക്കളാണ് ഇവരെ എടുത്തിട്ട് പെരുമാറിയത്.
തല്ലിനിടെ ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കും നഷ്ടപ്പെട്ടിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥന്‍ തന്നെയാണ് ഇരുവരെയും യുവാക്കളില്‍ നിന്നും രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. തരുണും തേജ്‌പാലും ചേര്‍ന്ന് പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയതു തന്നെയാണ് സംഭവത്തിന് കാരണമാക്കിയതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് പറയുന്നു.












Click it and Unblock the Notifications