മകരവിളക്ക് അലങ്കോലപ്പെടുമെന്ന് ആശങ്ക
തിരുവനന്തപുരം: തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡംഗങ്ങളുടെ ചക്കളത്തിപ്പോരാട്ടം മകരവിളക്ക് ഉത്സവത്തെ ബാധിയ്‌ക്കുമെന്ന് ആശങ്ക.
അംഗങ്ങളുടെ ഏകോപനമില്ലാത്ത പ്രവര്‍ത്തനങ്ങളും ഭിന്നാഭിപ്രായങ്ങളുമാണ് ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍. ശബരിമല ക്ഷേത്രം കൂടാതെ 1200 ഓളം ക്ഷേത്രങ്ങളുടെ ഭരണവും ഇതു മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്.
ലക്ഷക്കണക്കിന് അയ്യപ്പ ഭക്തര്‍ പങ്കെടുക്കുന്ന മകര വിളക്ക് ഉത്സവത്തിന് ദിവസങ്ങള്‍ ബാക്കി നില്‌ക്കെ ദേവസ്വം ബോര്‍ഡം ഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം ഭക്ത ജനങ്ങളില്‍ ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്. അരവണ നിര്‍മാണത്തിനായി ഒന്നര കോടിയോളം രൂപ ദേവസ്വം ബോര്‍ഡ് അനുവദിച്ചിട്ടുണ്ടെങ്കിലും വരു ദിവസങ്ങളില്‍ ഉണ്ടാകുന്ന ഭക്ത ജനത്തിരക്കിനെ നേരിടാന്‍ ഈ തുക മതിയാകുമോയെന്ന് ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ട്.
കൂടുതല്‍ തുക അനുവദിയ്ക്കാനുള്ള അപേക്ഷ അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം മൂലം ഇതു വരെ അനുവദിയ്ക്കപ്പെട്ടിട്ടില്ല. ഇതു കൂടാതെ ദേവസ്വത്തിലെ അഞ്ച് ഉയര്‍ന്ന തസ്‌തികകളില്‍ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള നടപടികളും ബോര്‍ഡ് എടുത്തിട്ടില്ല.
വിജിലന്‍സ് സൂപ്രണ്ട്, ബോര്‍ഡ് സെക്രട്ടറി, ഡെപ്യൂട്ടി കമ്മീഷണര്‍, തിരുവാഭരണം കമ്മീഷണര്‍, നാനൂറോളം ക്ഷേത്രങ്ങളുടെ ചുമതലയുള്ള തിരുവനന്തപുരം ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ എന്നീ തസ്‌തികകളെല്ലാം ഒഴിഞ്ഞു തന്നെ കിടക്കുകയാണ്. മകരവിളക്ക് ഉത്സവത്തിന് ഈ ഉദ്യോഗസ്ഥരുടെ ചുമതലകള്‍ വളരെയധികം പ്രധാനപ്പെട്ടതാണ്.
ദേവസ്വം പ്രസിഡന്റും മറ്റ് അംഗങ്ങളും തമ്മിലുള്ള പരസ്യമായ വിഴുപ്പലക്കല്‍ സംസ്ഥാന സര്‍ക്കാരിന് തലവേദനയായിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ദേവസ്വം യോഗം അംഗങ്ങള്‍ക്ക് കാറും വീടും അനുവദിയ്‌ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് അലസിപ്പിരിഞ്ഞിരുന്നു.
പ്രധാനമായും സിപിഎം, സിപിഐ പ്രതിനിധികള്‍ തമ്മില്‍ നടക്കുന്ന പോരാട്ടം രാഷ്ട്രീയ തലത്തിലേക്കും വളര്‍ന്നിട്ടുണ്ട്. ബുധനാഴ്ച ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ദേവസ്വം കമ്മീഷണര്‍ സി.ജി സച്ചിദാനന്ദനെതിരെ പ്രഖ്യാപിച്ച അന്വേഷണമടക്കം ആറ് വിജിലന്‍സ് അന്വേഷണങ്ങള്‍ ദേവസ്വവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications