ബേനസീറിനെ വധിച്ചത് ലേസര്‍ ആയുധം കൊണ്ടെന്ന് റിപ്പോര്‍ട്ട്
ഇസ്ലമബാദ്: ബേനസീര്‍ വധത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ നിലനില്‍ക്കുന്നതിനിടെ ഇതുസംബന്ധിച്ച് പുതിയ വാദങ്ങള്‍ പുറത്തുവന്നു. അതിസങ്കീര്‍ണ്ണമായ ലേസര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അവരെ വധിച്ചതെന്നതാണ് പുതിയ വാദം.
ബേനസീറിന്റെ പാര്‍ട്ടിയായ പാകിസ്‌താന്‍ പീപ്പിള്‍സ് പാര്‍ട്ടി(പിപിപി) ആണ് ഈ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. വെടിയേറ്റ മുറിവുകളല്ല ലേസര്‍ ആയുധം കൊണ്ടുള്ള മുറിവുകളാണ് ബേനസീറിന്റെ ശരീരത്തില്‍ കണ്ടതെന്ന് പിപിപി വൃത്തങ്ങളെ ഉദ്ധരിച്ച് 'ദി നേഷന്‍' പത്രമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഇത്തരത്തിലൊരു കേസ് താന്‍ ആദ്യം കാണുകയാണെന്ന് ബേനസീറിനെ പരിചരിച്ച ഡോക്ടര്‍ മുസാദിഗ്‌ഖാന്‍ പറഞ്ഞിട്ടുണ്ടെന്നാണ് പിപിപി പറയുന്നത്. ഡിസംബര്‍ 27ന് ആക്രമിക്കപ്പെട്ടശേഷം ബേനസീറിനെ പ്രവേശിപ്പിച്ച റാവല്‍പിണ്ടി ജനറല്‍ ആശുപത്രപിയിലെ ഡോക്ടറാണ് മുസാദിഗ്‌ഖാന്‍.
ബേനസീറിന്റെ മുറിവുകള്‍ വെടിയേറ്റുണ്ടായതല്ലെന്നും ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ്‌തന്നെ മരിച്ച അവരുടെ തലപൊട്ടി രക്തവും തലച്ചോറും പുറത്തുവന്നിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞിരുന്നുവത്രേ.
ബേനസീര്‍ വധത്തിനുത്തരവാദികളെന്ന് പാക് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്ന തീവ്രവാദി നേതാവ് ബെയ്‌ത്തുള്ള മെഹ്‌സൂദിനോ താലിബാനോ ലേസര്‍ ആയുധം ഇല്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞതായി 'ദി നേഷന്‍' വ്യക്തമാക്കുന്നു.












Click it and Unblock the Notifications