ആള്‍ക്കൂട്ടത്തിന്റെ പീഡനം; നടുക്കം മാറാതെ ഇരകള്‍
മുംബൈ: പുതുവത്സരാഘോഷവേളയില്‍ ജൂഹു ബീച്ചില്‍ എഴുപതോളം പേര്‍വരുന്ന ജനക്കൂട്ടം ക്രൂരമായി പീഡിപ്പിച്ച വിദേശ ഇന്ത്യക്കാരികള്‍ക്കും കൂടെയുണ്ടായിരുന്ന പുരുഷന്മാര്‍ക്കും സംഭവത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഉപ്പോഴും ഞെട്ടല്‍.
ഡിസംബര്‍ 31നാണ് ഇവരില്‍ ഒരാളുടെ വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനും സഹോദരിക്കും സഹോദരനുമൊപ്പം പുതുവര്‍ഷം ആഘോഷിക്കാന്‍ വന്നപ്പോഴാണ് ഇവര്‍ക്ക് ജനക്കൂട്ടത്തിന്റെ ക്രൂരത അനുഭവിക്കേണ്ടിവന്നത്. ടിവി ചാനലുകളില്‍ സംഭവം ആവര്‍ത്തിച്ചുകാണിക്കുമ്പോള്‍ തന്റെ മുഖം അതില്‍ കാണുന്നത് വല്ലാത്ത വേദനയുണ്ടാക്കുന്നുവെന്ന് ഈ സ്‌ത്രീ പറയുന്നു.
ഭര്‍ത്താവ് തന്നെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് ജനക്കൂട്ടം കണ്ടുനില്‍ക്കുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും രാത്രി ജൂഹൂ ബീച്ചിലേക്ക് നടക്കുമ്പോള്‍ ഇങ്ങനെയൊരു സംഭവമുണ്ടാകുമെന്ന് കരുതിയതല്ല. നടക്കുന്നതിനിടെ ചിലര്‍ എന്നെ കടന്നുപിടിക്കുകയായിരുന്നു. എന്നാലും ആരെങ്കിലും രക്ഷയ്‌ക്കെത്തുമെന്ന് കരുതി. പക്ഷേ എല്ലാവരും നോക്കിനിന്നു ആരും രക്ഷിക്കാന്‍ വന്നില്ല. എന്നെ കടന്നുപിടിച്ചതിന് പിന്നാലെ അവര്‍ എന്റെ ഭര്‍തൃസഹോദരിയെയും ഉപദ്രവിച്ചു-പീഡനത്തിനിരയായ സ്‌ത്രീ പറയുന്നു.
പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി ഹോട്ടലധികൃതര്‍ സംഘടിപ്പിച്ച ബോളിവുഡ് താരം ബിപാഷ ബസുവിന്റെ നൃത്തപരിപാടി കഴിഞ്ഞതിനുശേഷം ജനുവരി 1ന് പുലര്‍ച്ചെ ജെ.ഡബ്ല്യൂ മാരിയട്ട് ഹോട്ടലില്‍ നിന്നും പുറത്തിറങ്ങി ഏറെ സമയം കഴിയുന്നതിന് മുമ്പായിരുന്ന ജനക്കൂട്ടത്തിന്റെ ആക്രമണമെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.
അമ്പതോളം പേരടങ്ങുന്ന സംഘമാണ് ഭാര്യയെയും സഹോദരിയെയും അക്രമിച്ചതെന്നും ഇയാള്‍ പറയുന്നു. ആള്‍ക്കൂട്ടത്തില്‍ നിന്നും ഭാര്യയെയും സഹോദരിയെയും രക്ഷിക്കാന്‍ ശ്രിമിക്കുമ്പോഴാണ് ഫോട്ടോഗ്രാഫര്‍മാര്‍ ഫോട്ടോയെടുത്തത്. ഇതിനിടെ ചുവന്ന ടീ-ഷര്‍ട്ട് ധരിച്ച ഒരാളാണ് സഹായത്തിനായി അലമുറയിട്ട് പൊലീസിനെ വിളിച്ചത്.
ഉണ്ടായ സംഭവങ്ങള്‍ ഞങ്ങള്‍ ജൂഹു പൊലീസില്‍ അറിയിച്ചിട്ടുണ്ട്. അവര്‍ ഒരു ഓട്ടോ പിടിച്ച് അതിലാണ് ഞങ്ങളെ തിരിച്ച് ഹോട്ടലില്‍ എത്തിച്ചത്. എല്ലാ പെട്ടന്നായിരുന്നു. ഞാനും എന്റെ സഹോദരനും ജനക്കൂട്ടത്തില്‍ നിന്നും ഇവരെ രക്ഷിക്കാന്‍ ആവതും ശ്രമിച്ചു. പക്ഷേ അവര്‍ അമ്പതിലേറെപ്പേരുണ്ടായിരുന്നു. അക്രമികള്‍ ആരാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് പൊലീസില്‍ രേഖാമൂലം പരാതി നല്‍കാതിരുന്നത്- യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.
14 പേര്‍ പൊലീസ് കസ്റ്റഡിയില്‍
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പതിനാലു പേരെ പൊലീസ് അറസ്റ്റുചെയ്‌തിട്ടുണ്ട്. ഇതില്‍ ഒരാള്‍ വ്യാഴാഴ്‌ച പൊലീസിന് കീഴടങ്ങുകയായിരുന്നു. പതിനാലുപേര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
ഇതില്‍ നാലുപേര്‍ സംഭവത്തില്‍ പങ്കുള്ളവരാണെന്ന് വ്യക്തമായിട്ടുണ്ട്. ബാക്കിയുള്ളവരുടെ കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്. ആളുകള്‍ നല്‍കിയ സൂചനയുടെയും വിവിധ മാധ്യമപ്രവര്‍ത്തരെടുത്ത ചിത്രങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റുചെയ്‌തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
തന്റെ ചിത്രം ഒരു പ്രാദേശിക പത്രത്തില്‍ കണ്ടതിനെത്തുടര്‍ന്നാണ് ഇതിലൊരാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതെന്നും പൊലീസ് പറഞ്ഞു.
സ്‌ത്രീകളെ അക്രമിച്ച കേസിലെ പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സിറ്റി പൊലീസ് പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. മാനഭംഗത്തിന് ഇരയായവര്‍ കേസിനെ സഹായിക്കാനായി മുന്നോട്ടുവരണമെന്ന് ജോയിന്റ് പൊലീസ് കമ്മീഷണര്‍ കെ.എല്‍ പ്രസാദ് അഭ്യര്‍ത്ഥിച്ചു.
എന്നാല്‍ തങ്ങളെ ഇനിയും ശല്യം ചെയ്യരുതെന്നാണത്രേ പീഡനത്തിനിരയായവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആള്‍ക്കൂട്ടത്തില്‍ നിന്നും ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച വ്യക്തിയെ പൊലീസ് അന്വേഷിയ്‌ക്കുകയാണ്. അദ്ദേഹത്തിന് നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞേയ്‌ക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.












Click it and Unblock the Notifications