ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനം അട്ടിമറിയ്‌ക്കുകയും ഭക്തരുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്‌ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികളെ പിരിച്ചുവിടണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ദേവസ്വം മന്ത്രി ജി. സുധാകരന്‍ രാജിവെയ്‌ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ദുരവസ്ഥയ്‌ക്ക് കാരണക്കാര്‍ ബോര്‍ഡ് ഭാരവാഹികളും ദേവസ്വം മന്ത്രിയുമാണ്. ശബരിമലയില്‍ ഇതുവരെയും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാത്തത് അയ്യപ്പന്റെ അനുഗ്രഹം മൂലമാണ്. ബോര്‍ഡ് ഭാരവാഹികളെയും മന്ത്രിയെയും ഒഴിവാക്കി ബോര്‍ഡിന്റെയും ഉത്സവത്തിന്റെയും ചുമതല വകുപ്പ് സെക്രട്ടറി നേരിട്ട് നിര്‍വ്വഹിക്കണം- ചെന്നിത്തല ആവശ്യപ്പെട്ടു.
2007 ഫെബ്രുവരി 28നാണ് പഴയ ബോര്‍ഡ് സര്‍ക്കാര്‍ പിരിച്ചുവിട്ടത്. പിന്നീട് നാലുമാസം കഴിഞ്ഞാണ് പുതിയ ബോര്‍ഡ് രൂപീകരിച്ചത്. ഇക്കാലയളവില്‍ ബോര്‍ഡ് ഭരിച്ചത് സുധാകരനും സര്‍ക്കാര്‍ സെക്രട്ടറിയും ചേര്‍ന്നാണ്. ശബരിമല തീര്‍ത്ഥാടനത്തിന് വേണ്ട ഒരു മുന്നൊരുക്കവും ഇക്കാലത്ത് ചെയ്‌തില്ല. അതുകൊണ്ടാണ് ഇത്തവണ പ്രശ്‌നങ്ങള്‍ രൂക്ഷമായത്.
ഇടതുമുന്നണിയിലെ ഭിന്നതതന്നെയാണ് ദേവസ്വം ഭരണത്തിലും പ്രതിഫലിക്കുന്നത്. ബോര്‍ഡ് പ്രസിഡന്റിനെതിരെ അംഗങ്ങള്‍ സത്യവാങ്‌മൂലം കൊടുക്കുന്ന അവസ്ഥയാണുള്ളത്. കമ്മീഷണര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കാന്‍ പോകുന്നു. ബോര്‍ഡില്‍ ഇപ്പോള്‍ ആകെ നടക്കുന്നത് തമ്മിലടിയും ശീതസമരവുമാണ്- അദ്ദേഹം ആരോപിച്ചു.
ശബരിമല തീര്‍ത്ഥാടകര്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് യുഡിഎഫ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചിരുന്നു. പക്ഷേ ഫലമുണ്ടായില്ല. കോടതി ഉത്തരവിനെത്തുടര്‍ന്ന് ബോര്‍ഡ് യോഗം ചേര്‍ന്നെങ്കിലും മകരവിളക്കിന്റെ ഒരുക്കങ്ങള്‍ക്കുപകരം അംഗങ്ങളുടെ കാറിനെക്കുറിച്ചായിരുന്നു ചര്‍ച്ച. സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരെ വെല്ലുവിളി ഉയര്‍ത്തുകയാണ്- ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications