മുതലാളിത്ത അനുകൂലികള്‍ പശ്ചാത്തപിക്കും: വി.എസ്
ആലുവ: മുതലാളിത്ത ആശയങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് ഭാവിയില്‍ പശ്ചാത്തപിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. വര്‍ത്തമാനകാലത്ത് മുതലാളിത്തതിന് മരണവാറണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുതലാളിത്തത്തിന് ശേഷം സോഷ്യലിസം എന്നല്ല മറിച്ച് മുതലാളിത്തേതര മാര്‍ഗ്ഗത്തിലൂടെ ജനകീയ ജനാധിപത്യ വിപ്ലവം പൂര്‍ത്തീകരിക്കലാണ് പാര്‍ട്ടി പരിപാടി. ആശയ സമരത്തെ നിരോധിച്ച പാര്‍ട്ടിയല്ല സിപിഎം.
മുതലാളിത്തത്തിന് കുറ്റിയടിച്ച് നില്‍ക്കുന്ന എല്ലാ സ്ഥലങ്ങളില്‍ നിന്നും കുറ്റി പറിച്ച് പോകേണ്ടിവരും. പാര്‍ട്ടി നയങ്ങളെ പിന്തിരിഞ്ഞ് കുത്തുന്നവര്‍ക്ക് ഉണ്ടായിട്ടുള്ള ഗതി എല്ലാവരും ഓര്‍ക്കുന്നത് നന്നായിരിക്കും. ലോകത്ത് ഇടതുപക്ഷ പാര്‍ട്ടികള്‍ ഉണ്ടായതുതന്നെ സോഷ്യലിസത്തിന് വേണ്ടിയാണ്.
സിപിഎം തുടങ്ങിയ കാലത്തുനിന്നുള്ള നയങ്ങളില്‍ നിന്നും വ്യതിചലിക്കാത്ത പാര്‍ട്ടിയാണ്. വ്യതിചലിക്കാന്‍ പാര്‍ട്ടിയ്‌ക്കു കഴിയുകയുമില്ല. മുതലാളിത്തത്തെ അനുകൂലിക്കുന്നവര്‍ക്ക് സ്വയം തിരുത്തേണ്ടിവരും.
പാര്‍ട്ടി നിലനില്‍ക്കുന്നത് സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടിയാണ്. അവരില്‍ നിന്നും അകലാന്‍ പാര്‍ട്ടിക്ക് കഴിയില്ല. പാര്‍ട്ടിയെയും സര്‍ക്കാറിനെയും വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്‌താലെ നിലനില്‍പ്പുള്ളു- അദ്ദേഹം പറഞ്ഞു.
സിപിഎം എറണാകുളം ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മുതലാളിത്തത്തിലൂടെമാത്രമേ വികസനം സാധ്യമാകുകയുള്ളുവെന്നും സോഷ്യലിസം നടക്കാത്ത സ്വപ്‌നമാണെന്നുമുള്ള സിപിഎം നേതാവ് ജ്യോതി ബസു കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.












Click it and Unblock the Notifications