തീവ്രവാദികള്‍ കേരളം താവളമാക്കുന്നുണ്ടെന്ന് മന്ത്രി
തിരുവനന്തപുരം: അന്യസംസ്ഥാനത്തുനിന്നുള്ള തീവ്രവാദികളും ഭീകരപ്രവര്‍ത്തകരും കേരളം ഒളിത്താവളമായി കാണുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍.
അന്യസംസ്ഥാനങ്ങളില്‍ നിന്നും നുഴഞ്ഞുകയറുന്നവരാണ് കേരളത്തില്‍ തീവ്രവാദം നടത്തുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അന്യസംസ്ഥാനങ്ങളിലെ രഹസ്യപൊലീസുമായി കേരള പൊലീസ് ഓരോ മാസവും ആശയവിനിമയം നടത്തും.
വിനോദസഞ്ചാരികളുടെ സ്വകാര്യതയെ ബാധിക്കാത്ത രീതിയില്‍ ടൂറിസം കേന്ദ്രങ്ങളില്‍ പരിശോധന നടത്തും. കുമളിയില്‍ നിന്നും ഹിസ്‌ബുള്‍ മുജാഹീദീന്‍ തീവ്രവാദിയെ പിടികൂടിയതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ അതീവജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്- മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് മനുഷ്യാവകാശ സംഘടനകളുടെ മറവില്‍ തീവ്രവാദം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കും. അന്യസംസ്ഥാനങ്ങളില്‍ നിന്നും തൊഴിലിനായി എത്തിയ പത്തുലക്ഷത്തോളം തൊഴിലാളികള്‍ കേരളത്തിലുണ്ട്. ഇവരുടെ മറവിലാണ് പലതീവ്രവാദികളും കേരളത്തിലേയ്‌ക്ക് നുഴഞ്ഞുകയറുന്നത്.
തൊഴില്‍ വകുപ്പുമായി സഹകരിച്ച് സംസ്ഥാനത്തുള്ള മറ്റു സംസ്ഥാനക്കാരുടെ യഥാര്‍ത്ഥ കണക്കുകള്‍ തയ്യാറാക്കും. ഓരോ പ്രദേശത്തെയും അപരിചിതരായ ആളുകളെക്കുറിച്ച് മനസ്സിലാക്കാന്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനുകളുമായും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും- കോടിയേരി പറഞ്ഞു.
കേരളത്തില്‍ തീവ്രവാദികളെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. കുമളിയില്‍ നിന്നും പിടികൂടിയയാള്‍ അഞ്ചുവര്‍ഷമായി കേരളത്തിലുണ്ട്. ഇയാള്‍ ഇവിടെ പാസ്‌പോര്‍ട്ടിന് അപേക്ഷനല്‍കിയപ്പോഴാണ് കേരള പൊലീസ് കാശ്‌മീര്‍ പൊലീസുമായി ബന്ധപ്പെട്ടത്. അപ്പോഴാണ് ഇയാള്‍ക്കെതിരെ തീവ്രവാദപ്രവര്‍ത്തനത്തിന് കേസുള്ളതായി അറിയുന്നത്- അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.












Click it and Unblock the Notifications