വിഐപി കമിതാക്കളുടെ സന്ദര്‍ശനം: തലവേദന ഒഴിയുന്നു
ദില്ലി: ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ കാമുകി ബ്രൂണിയ്‌ക്ക് പ്രഥമ വനിത പദവി നല്‌കി സ്വീകരിയ്‌ക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു.
2008ലെ റിപ്പബ്‌ളിക് ദിനാഘോഷത്തിനോടനുബന്ധിച്ച് വിശിഷ്ട അതിഥിയായി സര്‍ക്കോസിയെ ക്ഷണിച്ച് ഇന്ത്യ ഗവണ്‍മെന്റ് വെട്ടിലായിരുന്നു. ഫ്രാന്‍സിലെ സൂപ്പര്‍ മോഡലും ഗായികയുമായ കാര്‍ല ബ്രൂണി സര്‍ക്കോസിയോടൊപ്പം ഇന്ത്യ സന്ദര്‍ശിക്കുന്നതാണ് ഇന്ത്യന്‍ അധികൃതരെ വെട്ടിലാക്കിയത്.
സര്‍ക്കോസി ബ്രൂണിയെ വിവാഹം കഴിക്കാത്തതാണ് ഇന്ത്യന്‍ അധികൃതരെ കുഴപ്പത്തിലാക്കിയത്. നിയമപരമായി സര്‍ക്കോസി വിവാഹം ചെയ്തിട്ടില്ലാത്തതിനാല്‍ ബ്രൂണിയ്ക്ക് പ്രഥമ വനിത പദവി നല്കാന്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് തടസമുണ്ടായിരുന്നു.
പ്രഥമ വനിത പദവി നല്‌കിയില്ലെങ്കില്‍ സന്ദര്‍ശക സംഘത്തിലെ സാധാരണ പ്രതിനിധിയുടെ സ്ഥാനം മാത്രമേ ബ്രൂണിയ്‌ക്ക് ലഭിക്കുകയുള്ളു. കൂടാതെ സര്‍ക്കോസിയുടെ ഔദ്യോഗിക പരിപാടികളില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യും.
അടുത്ത മാസം വിവാഹം കഴിക്കാനിരിയ്‌ക്കുന്ന കമിതാക്കളുടെ ഇന്ത്യന്‍ സന്ദര്‍ശനം ഇതോടെ കുഴഞ്ഞു മറിയുകയും ചെയ്യുമായിരുന്നു. ഈ സാഹചര്യത്തിലാണ് ബ്രൂണിയ്‌ക്ക് പ്രഥമ വനിത പദവി നല്‌കാന്‍ ഇന്ത്യ ഗവണ്‍മെന്റ് ഒരുങ്ങിയിട്ടുള്ളത്.
സര്‍ക്കാരിന്റെ പുതിയ തീരുമാനത്തോടെ ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ട ഈ വിഐപി കമിതാക്കള്‍ ഇന്ത്യയില്‍ സ്വീകരിക്കപ്പെടുക പ്രഥമ ദമ്പതികളായിട്ടായിരിക്കും.
നാല് ദിവസത്ത സന്ദര്‍ശനത്തിനായി എത്തുന്ന സര്‍ക്കോസിയ്‌ക്ക് വിപുലമായ സ്വീകരണമാണ് ഇന്ത്യ ഗവണ്‍മെന്റ് ഒരുക്കിയിട്ടുള്ളത്. ദില്ലിയിലെ ഒബ്‌റോയി ഹോട്ടലിലെ കോഹിനൂര്‍ സ്യൂട്ടിലായിരിക്കും സര്‍ക്കോസി താമസം. 26ന് നടക്കുന്ന റിപ്പബ്‌ളിക്ക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനു പുറമെ താജ്‌മഹല്‍ സന്ദര്‍ശിയ്‌ക്കാനും കമിതാക്കള്‍ക്ക് പദ്ധതിയുണ്ട്.
2007 ഒക്ടോബറിലാണ് 11 വര്‍ഷം നീണ്ടു നിന്ന ദാമ്പത്യത്തിനു ശേഷം സര്‍ക്കോസി തന്റെ ആദ്യ ഭാര്യയായ സെലീനയുമായി പിരിഞ്ഞത്. പിന്നീട് ബ്രൂണിയുമായി പ്രണയത്തിലായ സര്‍ക്കോസി ഡിസംബറില്‍ നടത്തിയ ഈജിപ്‌ത് സന്ദര്‍ശനത്തിനിടയിലും കാമുകിയെ കൂടെക്കൂട്ടിയിരുന്നു.
ദാമ്പത്യ തകര്‍ച്ചയും പരസ്യ പ്രണയവും മൂലം സര്‍ക്കോസിയുടെ ജനപ്രീതിയില്‍ വന്‍ ഇടിവ് സംഭവിച്ചിരുന്നു. അനശ്വര സ്‌നേഹത്തിന്റെ പ്രതീകമായ താജ്‌മഹല്‍ പശ്ചാത്തലമാക്കി കാമുകിയ്ക്കൊപ്പമെടുക്കുന്ന ചിത്രം ജനപ്രീതി വീണ്ടെടുക്കാന്‍ സര്‍ക്കോസിയെ സഹായിക്കുമെന്നാണ് ഫ്രാന്‍സിലെ രാഷ്ട്രീയ നീരിഷകരുടെ അഭിപ്രായം.












Click it and Unblock the Notifications