സോഷ്യലിസത്തിനെതിരെയുള്ള ഹര്‍ജി തള്ളി
ദില്ലി: സോഷ്യലിസം വേണമോയെന്ന് സിപിഎമ്മില്‍ പലര്‍ക്കും സംശയമുണ്ടാകും. എന്നാല്‍ സുപ്രീം കോടതിയ്ക്ക് ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. സോഷ്യലിസം എന്ന സങ്കല്‌പം വേണമെന്ന നിലപാടാണ് കോടതി ഉയര്‍ത്തിയിരിക്കുന്നത്.
ഭരണ ഘടനയുടെ ആമുഖത്തില്‍ സോഷ്യലിസം എന്ന വാക്ക് ഒഴിവാക്കണമെന്ന ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി സോഷ്യലിസത്തിനോടുള്ള കൂറ് പ്രഖ്യാപിച്ചിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചാണ് സോഷ്യലിസത്തിനെതിരെയുള്ള ഹര്‍ജി തള്ളിയത്. സോഷ്യലിസം വേണമോയെന്ന സിപിഎമ്മിന്റെ ചര്‍ച്ചകള്‍ക്കു തുടക്കമിട്ട ബംഗാളില്‍ നിന്നു തന്നെയാണ് സോഷ്യലിസം ഭരണഘടനയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി വന്നിട്ടുള്ളത്.
കൊല്‍ക്കത്തിയിലെ ഗുഡ് ഗവേണന്‍സ് ഇന്‍ഡ്യ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയാണ് ഹര്‍ജി നല്‌കിയത്. ഭരണഘടന ഒരു പ്രത്യേക ആശയസംഹിതയ്‌ക്ക് കൂറു പ്രഖ്യാപിക്കേണ്ടതുണ്ടോയെന്ന ചോദ്യമാണ് ഹര്‍ജിയില്‍ ഉന്നയിച്ചത്.
1976ല്‍ അടിയന്തിരാവസ്ഥക്കാലത്താണ് ഭരണഘടനാ ഭേദഗതിയിലൂടെ സോഷ്യലിസം എന്ന വാക്ക് ഭരണഘടനയുടെ ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്തത്. ഇത് പൗരവകാശ സങ്കല്‌പത്തിനു വിരുദ്ധമാണെന്നായിരുന്നു ഹര്‍ജി വാദിച്ച അഡ്വ. ഫാലി നരിമാന്റെ വാദം.
എന്നാല്‍ കമ്മ്യൂണിസ്റ്റുകളുടെ ആശയഗതിയായി മാത്രം സോഷ്യലിസത്തെ കാണേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സോഷ്യലിസം എന്നത് ക്ഷേമ രാഷ്ട്ര സങ്കല്‌പമാണ്. അതിന് കൃത്യമായ നിര്‍വചനമില്ല, വ്യത്യസ്‌തമായ സമയങ്ങളില്‍ വ്യത്യസ്‌ത അര്‍ഥങ്ങളാണുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.
എന്നാല്‍ സോഷ്യലിസം വിശ്വാസ പ്രമാണമായ രാഷ്ട്രീയ പാര്‍ട്ടിയ്ക്കേ അംഗീകാരം നല്‌കാവൂയെന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് നീക്കം ചെയ്യണമെന്ന ഹര്‍ജിയിലെ ഭാഗം പരിഗണിയ്‌ക്കാന്‍ കോടതി തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാനായി കേന്ദ്ര സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും കോടതി നോട്ടീസയച്ചിട്ടുണ്ട്.












Click it and Unblock the Notifications