വിഎസിന് ദേശാഭിമാനിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം : ജോതി ബസുവിന്റെ പ്രസംഗത്തോടുളള വിഎസിന്റെ പ്രതികരണത്തിനെതിരെ ദേശാഭിമാനിയില്‍ മുഖപ്രസംഗം.
അംഗീകരിച്ച പാര്‍ട്ടി പരിപാടിയെപ്പറ്റിയും തര്‍ക്കമോ എന്ന തലക്കെട്ടിലെ വാചകങ്ങള്‍ മുഴുവന്‍ വിഎസിനെതിരെയുളള ഒളിയമ്പുകളും മുന്നറിയിപ്പുമാണ്. സിപിഎമ്മിന് വ്യക്തമായ പരിപാടിയുണ്ടെന്ന മുഖപ്രസംഗത്തിലെ ആദ്യവാചകം തന്നെ വിഎസിനുളള ശക്തമായ മുന്നറിയിപ്പാകുന്നു. വിഎസിന്റെ വാദങ്ങളെ സ്മാര്‍ട്ട് സിറ്റിയെയും ശോഭാ ഗ്രൂപ്പിനെയും ചൂണ്ടിക്കാട്ടി പരിഹാസത്തില്‍ കുളിപ്പിച്ചാണ് മുഖപ്രസംഗം അവസാനിക്കുന്നത്.
പാര്‍ട്ടി പരിപാടിയെപ്പറ്റിയും നയസമീപനങ്ങളെക്കുറിച്ചും ഓര്‍മ്മിപ്പിച്ചുകൊണ്ട് മുന്നേറുന്ന മുഖപ്രസംഗം വിഎസിന്റെ എറണാകുളം പ്രസംഗത്തിന് ഔദ്യോഗികപക്ഷം അക്കമിട്ട് നല്‍കുന്ന മറുപടിയാണ്. ഇഎംഎസിനെയും മറ്റും ഉദ്ധരിച്ച് വിഎസിന്റെ വാദങ്ങളെ ദേശാഭിമാനി ഒന്നൊന്നായി ഖണ്ഡിക്കുന്നു.
മുതലാളിത്തത്തിന് മരണ വാറണ്ടാണ് എന്നാണ് എറണാകുളത്ത് വിഎസ് പ്രസംഗിച്ചത്. ഈ വാദത്തെ കണക്കുകള്‍ നിരത്തിയാണ് ദേശാഭിമാനി പുച്ഛിക്കുന്നത്. 1957ല്‍ 22 കുത്തകകളുടെയും ആസ്തി 312 കോടി രൂപയായിരുന്നെങ്കില്‍ 1997ല്‍ അത് 158004 കോടി രൂപയായി വളര്‍ന്നിരിക്കുന്നു. ആഗോളവല്‍ക്കരണം നടപ്പാക്കിയ ശേഷം റിലയന്‍സിന്റെ ആസ്തി മൂന്നുലക്ഷം കോടി രൂപയായി വളര്‍ന്നിട്ടുണ്ടെന്നും മുഖപ്രസംഗം ഓര്‍മ്മിപ്പിക്കുന്നു. മുതലാളിത്തത്തിന് മരണവാറെണ്ടെന്ന വിഎസിന്റെ വാദത്തെ പാര്‍ട്ടി പത്രം തന്നെ പൊളിച്ചടുക്കുകയാണ്.
കുത്തകകളുടെ ആസ്തി പെരുകുകയും അമേരിക്കയടക്കമുളള സാമ്രാജ്യത്വ ശക്തികളോട് ഇന്ത്യയിലെ ഭരണാധികാരികള്‍ സന്ധി ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് പാര്‍ട്ടി പരിപാടി പുതുക്കിയതെന്ന് പത്രം വിഎസിനെ ഓര്‍മ്മിപ്പിക്കുന്നു.
സ്വത്തുളളവന്റെ സ്വത്ത് സംരംക്ഷിക്കേണ്ട ഭരണഘടനാപരമായ ബാധ്യത നിലനില്‍ക്കുന്ന രാജ്യത്താണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎമ്മിന് നന്നായി അറിയാമെന്ന് പത്രം പറയുന്നു. നോട്ടടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അനുവാദമില്ലെന്ന മുഖപ്രസംഗത്തിലെ വാചകം വിഎസിന്റെ ചങ്കു പിളര്‍ക്കാന്‍ വേണ്ടിത്തന്നെ എഴുതിയതാണ്.
ഇന്ത്യയില്‍ മുതലാളിത്ത വ്യവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് പാര്‍ട്ടി വിലയിരുത്തിയതായും മുഖപ്രസംഗം വിഎസിനെ ഓര്‍മ്മിപ്പിക്കുന്നു. ഈ വ്യവസ്ഥയ്ക്കകത്ത് നിന്നുകൊണ്ട് ഭരണം നടത്തുമ്പോള്‍ സ്വകാര്യമൂലധനം ഒഴിവാക്കാന്‍ കഴിയില്ല.
ജനകീയ ജനാധിപത്യം ഭരണകൂടം സ്ഥാപിച്ചാല്‍ പോലും സ്വകാര്യം മൂലധനം പൊതു ഉടമയില്‍ കൊണ്ടുവരുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നു കൂടി മുഖപ്രസംഗം തുറന്നടിക്കുമ്പോള്‍ അത് വിഎസിന്റെ നിലപാടുകളിന്മേലുളള അവസാനത്തെ ആണിയാകുന്നു.
ടാറ്റയെയും ബിര്‍ളയെയും സംസ്ഥാനത്ത് വ്യവസായം തുടങ്ങാന്‍ ക്ഷണിച്ചു വരുത്തിയത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളാണെന്ന് വിഎസിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ആന്റണി സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ജിമ്മില്‍ പ്രതിപക്ഷ നേതാവായിരുന്ന വിഎസ് നടത്തിയ പ്രസംഗവും പാര്‍ട്ടിയുടെ ഈ കാഴ്ചപ്പാടില്‍ നിന്നുളളതായിരുന്നു.
സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുന്നതും ശോഭാ ഗ്രൂപ്പിനെ പ്രോത്സാഹിപ്പിക്കുന്നതും പാര്‍ട്ടി നയത്തിന്റെ ഭാഗമാണെന്നു കൂടി പറഞ്ഞു വെച്ചാണ് മുഖപ്രസംഗം വിഎസിന്റെ നിലപാടുകളെ അരിഞ്ഞു വീഴ്ത്തുന്നത്. ബുദ്ധദേവ് ഭട്ടാചാര്യ പിന്തുടരുന്നതും ജ്യോതിബസു പറയുന്നതും ഈ നയം തന്നെയാണെന്നും അതില്‍ ആരും വേവലാതിപ്പെടേണ്ടെന്നും ദേശാഭിമാനി പറയുമ്പോള്‍ ചിത്രം പൂര്‍ണമാകുന്നു.
ജ്യോതിബസുവിന്റെയും ബുദ്ധദേവിന്റെയും നിലപാടുകളെ സര്‍വാത്മനാ പിന്തുണയ്ക്കുക വഴി പൊളിറ്റ് ബ്യൂറോയിലെ ബലാബലങ്ങളില്‍ ശക്തമായ മാറ്റം ഉണ്ടാകുമെന്ന് ഔദ്യോഗിക പക്ഷം കരുതുന്നു. ഓര്‍ക്കാപ്പുറത്ത് തങ്ങള്‍ക്ക് വീണു കിട്ടിയ ആയുധം പരമാവധി ശക്തിയോടെ ഉപയോഗിക്കുകയാണ് അവര്‍.
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications