വിഎസിനെതിരെ പിണറായി
തിരുവനന്തപുരം : ജ്യോതി ബസുവിന്റെ പ്രസ്താവനയെ പരാമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പിണറായി വിജയന്‍ പരസ്യമായി രംഗത്ത്.
ജനുവരി ഒമ്പതിന് ദേശാഭിമാനിയിലെഴുതിയ വിവാദങ്ങളും നിലപാടും എന്ന ലേഖനത്തിലാണ് വിഎസിനെ പേരെടുത്തു പറയാതെ പിണറായി രൂക്ഷമായി വിമര്‍ശിക്കുന്നത്. ജ്യോതിബസുവിന്റെ പ്രസ്താവനയെ തുടര്‍ന്ന് മലയാള മാധ്യമങ്ങളിലെ വാര്‍ത്തകളോടും മറ്റ് പ്രതികരണങ്ങളോടുമുളള മറുപടിയെന്ന നിലയില്‍ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിന്റെ ആദ്യഭാഗത്തില്‍ തന്നെ വിഎസിനെതിരെ ശക്തമായ മുനകളുണ്ട്.
ബസുവിന്റെ പ്രസ്താവനയോടുളള പ്രതികരണമെന്നോണം സിപിഎമ്മിന്റെ എറണാകുളം സമ്മേളനം ഉദ്ഘാടനം ചെയ്യവെ രൂക്ഷമായ പരാമര്‍ശങ്ങളാണ് വിഎസ് നടത്തിയത്. മുതലാളിത്തത്തെ കുറ്റിയടിച്ച് പ്രതിഷ്ഠിക്കാമെന്ന് വ്യാമോഹിക്കുന്നവര്‍ കുറ്റിയും പറിച്ച് ഓടേണ്ടി വരുമെന്നു് വിഎസ് മുന്നറിയിപ്പ് നല്‍കി.
വേദിയില്‍ പിണറായി വിജയന്‍ അടക്കമുളള സംസ്ഥാന നേതാക്കള്‍ വിഎസിന്റെ പ്രസംഗത്തിന് മൂകസാക്ഷികളായി ഉണ്ടായിരുന്നു.
അവിടെയും നിര്‍ത്താതെ പാര്‍ട്ടിയിലെ ആശയ സമരത്തെ വിഭാഗീയതയെന്ന് മുദ്രകുത്തി അടിച്ചമര്‍ത്താമെന്ന് ആരും കരുതേണ്ടെന്നും വിഎസ് തുറന്നടിച്ചു. പാര്‍ട്ടിയില്‍ യാതൊരു ആശയ ഭിന്നതയില്ലെന്നും അവശേഷിക്കുന്ന വിഭാഗീയത കോട്ടയം സമ്മേളനത്തോടെ അവസാനിക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കിയതിനോടുളള മറുപടിയായിട്ടാണ് ഇത് വ്യാഖ്യാനിക്കപ്പെട്ടത്.
വിഎസിന്റെ എറണാകുളം പ്രസംഗത്തോടുളള പ്രതികരണമാണ് പിണറായിയുടെ ദേശാഭിമാനി ലേഖനം. മലയാളത്തിലെ ബൂര്‍ഷ്വാമാധ്യമങ്ങള്‍ ബസുവിന്റെ പ്രസ്താവന ആഘോഷമായി കൊണ്ടു നടക്കുകയാണെന്ന് പിണറായി ആക്ഷേപിക്കുന്നു. ഇത് പാര്‍ട്ടി സമ്മേളനങ്ങളില്‍ ആശയസമരമായി വളരുമെന്ന് മനപ്പായസമുണ്ണുന്നവരും ഉണ്ടെന്ന് അദ്ദേഹം തുടര്‍ന്നു പറയുന്നു. ഇവര്‍ വലിയതോതില്‍ ഇനി രംഗത്തു വരുമെന്ന പ്രവചനവും ഉണ്ട്.
പാര്‍ട്ടി പരിപാടിയിലെ പ്രസക്തമായ ഖണ്ഡികകള്‍ ഉദ്ധരിച്ചു ചേര്‍ത്തതിനു ശേഷം ശക്തമായ ഒളിയമ്പാണ് വിഎസിനെതിരെ പിണറായി തൊടുക്കുന്നത്. പാര്‍ട്ടി പരിപാടിയെയും അതിന്റെ നയത്തെയും മനസിലാക്കാതെ തങ്ങളുടെ മനസിലുളള നയമാണ് പാര്‍ട്ടി നയമെന്ന് കരുതുന്നവര്‍ വഴിതെറ്റിപ്പോകുമെന്ന് ഒരു തര്‍ക്കവുമില്ലെന്ന് പിണറായി തുറന്നടിക്കുന്നു.
ബസുവിന്റെ പ്രസ്താവനയെ ന്യായീകരിച്ച് പ്രകാശ് കാരാട്ട് തന്നെ രംഗത്തു വന്നതും പിണറായിക്ക് ബലമേകുന്നു. ആശയ സമരമെന്ന പേരില്‍ വിഎസിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളെ തുറന്നു കാട്ടാന്‍ മറുപക്ഷത്തിന് കിട്ടിയ ശക്തമായ ആയുധമാണ് ജ്യോതിബസുവിന്റെ പ്രസ്താവനയോടുളള വിഎസിന്റെ വെട്ടിത്തുറന്ന വിമര്‍ശനം. ഇത് ഉപയോഗിച്ച് പൊളിറ്റ് ബ്യൂറോയിലെ ചേരികളില്‍ മാറ്റം വരുത്താനാവുമെന്നും അവര്‍ കരുതുന്നു.












Click it and Unblock the Notifications