നാനോയുടെ പാതയില്‍ ഇനിയെന്തെല്ലാം
ദില്ലി: വാഹനവിപണിയിലെ യുദ്ധം ടോപ് ഗിയറിലാക്കി ഒടുവില്‍ ഒരു ലക്ഷം രൂപ വിലയുള്ള ടാറ്റയുടെ കാര്‍ പുറത്തിറങ്ങി. ഭാവിയില്‍ ലോകം കീഴടക്കുമെന്ന് കരുതപ്പെടുന്ന നാനോ സാങ്കേതിക വിദ്യയുടെ പേരു തന്നെ പുതിയ കാറിന് നല്‌കി ഭാവിയിലെ കാര്‍ നാനോയെന്നാണ് ടാറ്റ പ്രഖ്യാപിച്ചിരിയ്‌ക്കുന്നത്.
സെപ്‌റ്റംബറില്‍ വിപണിയിലെത്തുമെന്ന കരുതപ്പെടുന്ന കാറിന്റെ മുന്നോട്ടുള്ള പാതയില്‍ ഒട്ടേറെ തടസങ്ങളാണ് കാത്തിരിയ്ക്കുന്നത്. കാറിന്റെ വില തന്നെയാണ് അതിന്റെ പ്രധാന ആകര്‍ഷണം. ഒരു പക്ഷേ ആദ്യത്തെ തിരിച്ചടിയും ഇതില്‍ നിന്നു തന്നെയാകും ഉണ്ടാകുക.
കാര്‍ ഫാക്ടറിയില്‍ നിന്ന് നിരത്തിലെത്തുമ്പോള്‍ നികുതിയും ലെവികളും എല്ലാം ചേര്‍ത്ത് വില 130, 000 ആകുമെന്നാണ് കരുതപ്പെടുന്നത്. ഇത് ഒരു ലക്ഷം രൂപയ്‌ക്ക് കാര്‍ സ്വപ്‌നം കാണുന്നവര്‍ക്ക് പ്രഹരമാകും.
കാര്‍ നിര്‍മാണ ചെലവ് ഒരു ലക്ഷം രൂപയ്ക്ക് പൂര്‍ത്തിയാക്കാമെന്ന് ടാറ്റ കരുതുന്പോള്‍ അത് എത്രത്തോളം നടക്കുമെന്ന് കണ്ടു തന്നെയറിയണം. വര്‍ദ്ധിച്ചു വരുന്ന ഇന്ധന വിലയും അസംസ്‌കൃത വസ്‌തുക്കളുടെ വിലയും നാനോയ്‌ക്ക് ഭീഷണിയാകുമെന്നാണ് സാമ്പത്തിക വിദഗ്‌ദ്ധരുടെ അഭിപ്രായം.
കാര്‍ പുറത്തിറങ്ങുന്ന സമയത്ത് വാഹന നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കളായ സ്റ്റീലിനും ഫൈബറിനുമൊക്കെ വില കൂട്ടുന്നതിനുള്ള ആലോചനയിലാണ് നിര്‍മാതാക്കള്‍. രാജ്യാന്തര വിപണിയില്‍ ഇന്ധന വില 100 ഡോളര്‍ കടന്നു മുന്നോട്ടു കുതിയ്‌ക്കുന്നതും കാര്‍ വിപണിയ്‌ക്ക് ദോഷം ചെയ്യും.
എന്നാല്‍ യഥാര്‍ഥ ഭീഷണി നാനോ നേരിടുന്നത് മറ്റുള്ള വാഹന നിര്‍മാണ കമ്പനികളില്‍ നിന്ന് തന്നെയാണ്. ലോകത്തെ പ്രമുഖ ബ്രാന്‍ഡ് കാര്‍ നിര്‍മാതാക്കളെല്ലാം ടാറ്റ വെട്ടിത്തെളിച്ച വഴിയിലൂടെ കാറുമായി വരുമ്പോള്‍ നാനോയ്‌ക്കു തന്നെ അത് തിരിച്ചടിയായേക്കാം.
പ്രമുഖ കാര്‍ നിര്‍മാണ കമ്പനികളായ ഫോര്‍ഡ്, നിസാന്‍, ഫിയറ്റ് എന്നീ കമ്പനികള്‍ ഇന്ത്യയിലെ ചെറുകാര്‍ വിപണിയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഫ്രാന്‍സിലെ റിനോള്‍ട്ടുമായി സഹകരിച്ച് ഇരുചക്ര വാഹന വിപണിയിലെ ശക്തനായ ബജാജ് അവരുടെ ചെറുകാറിന്റെ മാതൃക ഇതിനോടകം പുറത്തിറക്കി ടാറ്റയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. ജര്‍മ്മന്‍ കമ്പനിയായ വോക്‌സ് വാഗണ്‍ ഒരു പടി കൂടി കടന്ന് 2010 മുതല്‍ തങ്ങളുടെ ചെറുകാര്‍ നിര്‍മാണം ഇന്ത്യയില്‍ ആരംഭിയ്‌ക്കുമെന്ന് പ്രഖ്യാപിച്ചും കഴിഞ്ഞു.
വിപണിയിലെ കുഴപ്പങ്ങളല്ലാതെ ഒട്ടേറെ രാഷ്ട്രീയമായ കടമ്പകളും നാനോയ്‌ക്ക് മറികടക്കേണ്ടതുണ്ട്. നാനോയുടെ ഉദ്‌ഘാടന ചടങ്ങില്‍ ബംഗാള്‍ ഗവണ്‍മെന്റ് നല്കിയ സഹായങ്ങള്‍ക്ക് നന്ദി പറയാന്‍ രത്തന്‍ ടാറ്റ ഒട്ടും പിശുക്ക് കാണിച്ചില്ല.
എന്നാല്‍ ബംഗാളിലെ പ്രതിപക്ഷമായ തൃണമൂല്‍ കോണ്‍ഗ്രസ് സിഗൂരിലെ കാര്‍ ഫാക്ടറിയ്‌ക്കെതിരെയുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് കാര്‍ പുറത്തിറക്കിയ അന്നു തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. കൂടാതെ ഫാക്ടറിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തൊഴിലാളികളെ പിരിച്ചു വിട്ടതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ സമരത്തിനും ഇറങ്ങിയട്ടുണ്ട്.
എന്തായാലും നാനോയുടെ വരവോടെ ചെറുകാര്‍ വിപണിയിലെ വസന്തം ആരംഭിച്ചുവെന്നു തന്നെ കരുതാം.












Click it and Unblock the Notifications