ജല്ലിക്കെട്ട് സുപ്രിം കോടതി നിരോധിച്ചു
ദില്ലി: പൊങ്കലിനോട് അനുബന്ധിച്ച് തമിഴ്നാട്ടില്‍ നടത്തുന്ന ജല്ലിക്കെട്ട് സുപ്രീംകോടതി നിരോധിച്ചു.
ജല്ലിക്കെട്ട് തുടരാമെന്ന തമിഴ്നാട് ഹൈക്കോടതി വിധിക്കെതിരെ അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
വിനോദത്തിനു വേണ്ടി മത്സരം നടത്തുക എന്നതാണ് ലക്ഷ്യമെങ്കില്‍ ജല്ലിക്കെട്ടിന് പകരം കാളയോട്ട മല്‍സരം നടത്താമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
മൃഗങ്ങളെ ഉപദ്രവിക്കുന്നുവെന്ന കാരണത്താല്‍ 2004ല്‍ തമിഴ്നാട് ഹൈക്കോടതി ജല്ലിക്കെട്ട് വിലക്കിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതി തന്നെ ആ സ്റ്റേ നീക്കുകയും ചെയ്തു.
2006ല്‍ ജല്ലിക്കെട്ടിനോട് അനുബന്ധിച്ച് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലായി പത്തു പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രാകൃതമായ ഒരു കായിക വിനോദമാണിതെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. ഗ്രാമീണരുടെ സമിതിയാണ് ജല്ലിക്കട്ടിന്റെ സംഘാടകര്‍.
കളിക്കളത്തിലേക്കു പ്രകോപിപ്പിച്ച് ഇറക്കിവിടുന്ന കാളകളെ കൊമ്പിലോ പുറത്തെ മുഴയിലോ പിടിച്ച് നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് ഇതില്‍ ചെയ്യുന്നത്. ഇങ്ങനെ കാളയെ നിയന്ത്രിക്കാന്‍ കഴിയുന്നവരാണ് വിജയികള്‍.
എല്ലാ വര്‍ഷവും ജല്ലിക്കെട്ടിനിടയില്‍ ഒന്നിലേറെ മരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഒട്ടേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്യുന്നു. അപകടം പിടിച്ച ഈ വിനോദം നിരോധിക്കണമെന്ന് ഏറെക്കാലമായി ആവശ്യമുയരുന്നുണ്ട്.
നാണയം എന്നര്‍ത്ഥം വരുന്ന 'സല്ലി' എന്നവാക്കും കെട്ട് എന്ന വാക്കും ചേര്‍ന്നാണ് ജല്ലിക്കെട്ട് (നാണയത്തിന്‍റെ കെട്ട്) എന്ന വാക്കുണ്ടായത്. നിറയെ നാണയങ്ങളിട്ട് ഉണ്ടാക്കിയ ഒരു കിഴി പ്രകോപിപ്പിച്ച് വിടുന്ന കാളയുടെ കൊന്പുകളില്‍ കെട്ടിയിടുന്നുണ്ട്. കാളയുടെ പരിശീലകന് അവകാശപ്പെട്ടതാണ് ഈ പണക്കിഴി.












Click it and Unblock the Notifications