അപ്പൂപ്പാ, ഇനി പെന്‍ഷന്‍ വേഗം!
തിരുവനന്തപുരം : സംസ്ഥാനത്തെ ട്രഷറികളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനം മെച്ചപ്പെടുത്താന്‍ ജനുവരി 15മുതല്‍ പൗരാവകാശ രേഖ നിലവില്‍ വരുന്നു.
പൊതുജനങ്ങളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നരേഖ, സേവനങ്ങള്‍ സമയ പരിധി നിശ്ചയിച്ച് നടപ്പാക്കുമെന്ന് ഉറപ്പു നല്‍കുന്നു. ധനമന്ത്രി തോമസ് ഐസക് അറിയിച്ചതാണ് ഇക്കാര്യം. പൗരാവകാശ രേഖയുടെ അടിസ്ഥാനത്തില്‍ ട്രഷറികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സോഷ്യല്‍ ഓഡിറ്റ് നടത്താനും ധനവകുപ്പ് പരിപാടി തയ്യാറാക്കുന്നു.
ട്രഷറിയിലെത്തുന്ന പൊതുജനത്തോട് സൗഹാര്‍ദ്ദത്തോടെയും വിവേചന രഹിതമായും പെരുമാറാനുമെന്ന് ഓരോ ജീവനക്കാരും പ്രതിജ്ഞ ചെയ്യുകയാണ് പൗരാവകാശ രേഖയിലൂടെ. പൊതുജനങ്ങളുടെ അനിശ്ചിതമായ കാത്തു നില്‍പ്പ് ഒഴിവാക്കി സേവനങ്ങള്‍ക്ക് സമയ ക്രമീകരണം നടത്തും.
പെന്‍ഷന്‍ വിതരണം, സേവിംഗ്സ് ബാങ്ക് ഇടപാടുകള്‍ തുടങ്ങിയ സേവനങ്ങള്‍ മെച്ചപ്പെടുന്നതോടെ പൊതുജനത്തിന് ട്രഷറിയെക്കുറിച്ചുളള സ്ഥിരം പരാതികള്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പെന്‍ഷന്‍കാര്‍ക്ക് ഇരിപ്പടവും കുടിവെളളവും പൗരാവകാശ രേഖ വിഭാവനം ചെയ്യുന്നു.
ആകെ 168 ഇനങ്ങളിലായി മൂന്നര ലക്ഷത്തോളം പേരാണ് ട്രഷറിയില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നത്. ഇതു കൂടാതെ സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും മറ്റാനുകൂല്യങ്ങളും ട്രഷറി വഴിയാണ് വിതരണം ചെയ്യുന്നത്.
വിവിധ നിക്ഷേപ പദ്ധതികളിലായി ആറു ലക്ഷത്തോളം അക്കൗണ്ടുകള്‍ ട്രഷറിയിലുണ്ട്.
സര്‍ക്കാരിലേയ്ക്ക് അടയ്ക്കേണ്ട പല നികുതിയും സ്വീകരിക്കുന്നതിന് പുറമെ സര്‍വകലാശാലകളുടെ പരീക്ഷാ ഫീസും മറ്റും ട്രഷറിയില്‍ അടയ്ക്കേണ്ടി വരുന്നു.
ഇവ ക്രോഡീകരിച്ച് കൃത്യമായ സമയക്രമം നിശ്ചയിച്ച് ട്രഷറി ഇടപാടുകള്‍ ലളിതവും സുതാര്യവും പൊതുജനോപകാരപ്രദവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൗരാവകാശ രേഖ നടപ്പിലാക്കുന്നത്.
പൗരാവകാശ രേഖ നിലവില്‍ വരുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 15ന് ആലപ്പുഴയില്‍ ധനമന്ത്രി തോമസ് ഐസക് നിര്‍വഹിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടെ സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും പൗരാവകാശ രേഖ നിലവില്‍ വരും.












Click it and Unblock the Notifications