Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമതവേഷത്തില്‍ വീണ്ടും വിഎസ്

തിരുവനന്തപുരം മന്ത്രിസഭാ യോഗമെന്ന ഒഴികഴിവ് പറ‍ഞ്ഞ് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ വിസമ്മതിച്ചത് പാര്‍ട്ടിയില്‍ പുതിയ വിവാദത്തിന് വഴിമരുന്നിടുന്നു.

പുന്നപ്രയിലെയും വയലാറിലെയും രണാങ്കണങ്ങളിലെ സമരാനുഭവങ്ങളുടെ ചോരച്ചുവപ്പേറ്റുവാങ്ങി വളര്‍ന്നുയര്‍ന്ന വിഎസ് ഒരു പക്ഷേ ആദ്യമായിട്ടാവും ആലപ്പുഴയിലെ പാര്‍ട്ടി ജില്ലാ സമ്മേളനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. ഉപദേശ വേഷം കെട്ടിയ ഉപജാപകരുടെ തലയണമന്ത്രങ്ങള്‍ക്ക് മുന്നില്‍ വിഎസ് ചെങ്കൊടി അടിയറ വെച്ചുവെന്ന ആരോപണമാണ് ഇനിയുളള കാലത്ത് അദ്ദേഹം നേരിടാന്‍ പോകുന്നത്.

പാര്‍ട്ടിയുടെ ശത്രുക്കളില്‍ നിന്നും കൊടിയ പീഢാനുഭവങ്ങള്‍ ഏറ്റുവാങ്ങിയ അച്യുതാനന്ദനെപ്പോലൊരു ഉയര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ്, സ്ക്കൂള്‍ കുട്ടിയുടെ വാശിയോടെ പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും പിണങ്ങിപ്പോകുമ്പോള്‍ പരിഹസിക്കപ്പെടുന്നത് അദ്ദേഹത്തില്‍ ആരോപിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് ആശയദാര്‍ഢ്യമാണ്.

പാര്‍ട്ടിയല്ല, പത്രത്തലക്കെട്ടും ചാനല്‍ ബോംബുകളുമാണ് വിഎസിന് വലുതെന്ന ആരോപണം കൂടുതല്‍ ശക്തിയായി ഉയരുകയാണ്. ജ്യോതിബസുവിന്റെ വിവാദപ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ചാണ്എറണാകുളം സമ്മേളന വേളയില്‍ വിഎസ് തലക്കെട്ടുകളില്‍ നായകനായത്.

മലയാള മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചതു പോലൊരു പ്രസ്താവന തന്റെ സഹപ്രവര്‍ത്തകന്‍ നടത്തിയിരുന്നോ എന്നുപോലും അന്വേഷിക്കാതെ വിഎസ് ജ്യോതിബസുവിനെതിരെ തുളളിയുറഞ്ഞത് അദ്ദേഹത്തിന്റെ കടുത്ത അനുകൂലികളില്‍ പോലും അമ്പരപ്പുണ്ടാക്കിയിരുന്നു.

ആലപ്പുഴയിലെ വിഎസിന്റെ അസാന്നിദ്ധ്യം അടുത്ത ദിവസവും അദ്ദേഹത്തെ തലക്കെട്ടുകളുടെ നായകനാക്കുമെന്ന് ഉറപ്പാണ്. ആശയസമരമെന്ന പേരില്‍ വിഎസ് മുന്നോട്ടു വെച്ച വിഷയങ്ങള്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ പൊട്ടാസു പൊട്ടുന്ന ഒച്ച പോലും കേള്‍പ്പിക്കാതെ അണഞ്ഞ തീര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ മീഡിയാ മാനേജര്‍മാര്‍ ഉപദേശിച്ചു കൊടുത്ത പുതിയ അടവാണ് ഈ വിട്ടു നില്‍ക്കല്‍.

സമ്മേളനത്തിന്റെ പേരില്‍ വിഎസിന്റെ ഉപദേശകര്‍ ഓരോ ദിവസവും പൊട്ടിക്കുന്ന എക്സ്ക്ലൂസീവ് ബോംബുകള്‍ക്ക് നീര്‍പ്പോളയുടെ ആയുസു പോലുമില്ല. തിരുവനന്തപുരം ജില്ലാ കമ്മിറ്റി പിരിച്ചു വിടുമെന്ന് പൊളിറ്റ് ബ്യൂറോ വിഎസിന് ഉറപ്പു നല്‍കിയെന്നും നടപടി മണിക്കൂറുകള്‍ക്കകമെന്നും പ്രബലരായ ദൃശ്യപത്രമാധ്യമങ്ങള്‍ പ്രചരിപ്പിച്ചിട്ട് ആഴ്ചയൊന്ന് തികയാറായി.

തൃശൂര്‍ സമ്മേളനത്തില്‍ നിന്നും വിട്ടു നിന്ന വിഎസ് എറണാകുളം സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചതു പോലും ഈ ഉറപ്പു കിട്ടിയിട്ടാണെന്നായിരുന്നു വാര്‍ത്താ ബോംബ്. ഒന്നും സംഭവിച്ചില്ല.

ഇതിനും പുറമെയാണ് ആശയ സമരമെന്ന പേരില്‍ വി എസ്‍ ഉന്നയിക്കുന്ന വിഷയങ്ങളോട് പാര്‍ട്ടി അണികള്‍ പുറംതിരിഞ്ഞു നില്‍ക്കുന്ന കാഴ്ച. ഇതിലുളള കടുത്ത വിഷമവും വിഎസിനെ അലട്ടുന്നു.

പിണറായി വിജയന്റെ രാഷ്ട്രീയ ഭാവി അവസാനിപ്പിക്കുമെന്ന് പ്രവചിക്കപ്പെട്ട ലാവലിന്‍ അഴിമതിക്കേസും എങ്ങുമെത്തുന്നില്ലെന്ന് മാത്രമല്ല, പാര്‍ട്ടി അണികള്‍ സമ്മേളനങ്ങളില്‍ അതൊരു വിഷയമായിപ്പോലും ഉന്നയിക്കുന്നില്ല. പിണറായി വിജയനെ ഇതാ ചോദ്യം ചെയ്യാന്‍ പോകുന്നു എന്ന മട്ടില്‍ സംഭ്രമജനകമായ വാര്‍ത്തകളെഴുതിയിരുന്ന മാധ്യമങ്ങള്‍ പോലും ഇപ്പോള്‍ ലാവലിന്‍ കേസിനെക്കുറിച്ച് മിണ്ടുന്നില്ല. എല്ലാം കൊണ്ടും വിഎസിന് പാര്‍ട്ടിയില്‍ ഇപ്പോള്‍ പ‍ഞ്ഞകാലമാണെന്ന് സാരം.

വിഭാഗീയതയുടെ കുടക്കീഴില്‍ നിന്ന് തെന്നി മാറി തങ്ങളുടെ രാഷ്ട്രീയ ഭാവി ഭദ്രമാക്കണമെന്ന ചിന്ത പാര്‍ട്ടിയിലെ കടുത്ത വിഎസ് അനുകൂലികള്‍ പോലും പ്രകടിപ്പിക്കുന്നു.

പാര്‍ട്ടിക്ക് പുറത്ത്, അദ്ദേഹത്തിന്റെ ഉപദേശക പദവിയേറ്റെടുത്തിരിക്കുന്ന ചിലരുടെ ഉപജാപങ്ങളാണ് ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. പാര്‍ട്ടിയില്‍ നിന്നും ദേശാഭിമാനിയില്‍ നിന്നും പുറത്താക്കപ്പെട്ട ചിലരുടെ താളത്തിനൊപ്പിച്ചാണ് വിഎസ് തുളളുന്നതെന്ന പരാതിയാണ് സമ്മേളനങ്ങളില്‍ ഔദ്യോഗിക പക്ഷം ഉയര്‍ത്തുന്നത്.

അടുത്ത പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+