വിമതവേഷത്തില്‍ വീണ്ടും വിഎസ്
മറുഭാഗത്താകട്ടെ, മിക്കവാറും എല്ലാ സമ്മേളനങ്ങളിലും പിണറായി വിജയന്‍ നേരിട്ട് പങ്കെടുത്താണ് സമ്മേളനത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നത്. ആലപ്പുഴയിലും വിഎസിന്റെ അഭാവത്തില്‍ പിണറായിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
പ്രതിനിധി ചര്‍ച്ചയ്ക്ക് സംസ്ഥാനക്കമ്മിറ്റിയ്ക്ക് വേണ്ടി മറുപടി പറയുമ്പോള്‍ പിണറായി ഉപയോഗിക്കുന്ന കര്‍ക്കശമായ ഭാഷയും മുന്നറിയിപ്പും വിമത പക്ഷത്തെ കൂടുതല്‍ ദുര്‍ബലമാക്കുന്നു. ഒന്നുകില്‍ പാര്‍ട്ടിക്കൊപ്പം അല്ലെങ്കില്‍ പാര്‍ട്ടി ശത്രു എന്ന മുന്നറിയിപ്പാണ് എറണാകുളത്ത് പിണറായി നല്‍കിയത്.
രണ്ടര മണിക്കൂര്‍ നീണ്ടു നിന്ന മറുപടി പ്രസംഗത്തില്‍ തനിക്കും പാര്‍ട്ടിക്കും നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് ഒന്നൊന്നായി അദ്ദേഹം മറുപടി പറഞ്ഞു. കേരളീയ പൗരുഷത്തിന്റെ പ്രതിരൂപം എന്ന് ഉറച്ച വിഎസ് അനുയായിയായ ഗോപി കോട്ടമുറിക്കല്‍ പോലും പരസ്യമായി പിണറായിയെ പുകഴ്ത്തിയത് അമ്പരപ്പോടെയാണ് വിഎസിന്റെ ഉപദേശക വൃന്ദം വീക്ഷിക്കുന്നത്.
പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനു മേല്‍ ആരോപിക്കപ്പെട്ട ആഡംബര ജീവിതം സമ്മേളനങ്ങളില്‍ അണികള്‍ നിശിതമായ വിശകലനത്തിന് വിധേയമാക്കുമെന്നായിരുന്നു വിഎസിന്റെ ഉപദേശകര്‍ പ്രചരിപ്പിച്ചിരുന്നത്. ജില്ലാ സമ്മേളനങ്ങളില്‍ ഇക്കാര്യം കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടില്ല. എറണാകുളം ജില്ലാ സമ്മേളനത്തില്‍ ഈ വിധമുളള വിമര്‍ശനത്തിന് തയ്യാറായ ചില ഏരിയാകമ്മിറ്റികളെ പിണറായി വിജയന്‍ പേരെടുത്തു തന്നെ വിമര്‍ശിച്ചിരുന്നു.
കോട്ടയം ജില്ലാ സമ്മേളനത്തോടെ പാര്‍ട്ടിയിലെ വിഭാഗീയത അവസാനിപ്പിക്കും എന്ന പിണറായി വിജയന്റെ ദൃഢനിശ്ചയം വിജയം കാണുമെന്ന് ഉറപ്പാണ്. തങ്ങള്‍ക്കൊപ്പം അല്ലെങ്കില്‍ പാര്‍ട്ടി ശത്രുക്കളുടെ പട്ടികയില്‍ എന്ന ഔദ്യോഗിക പക്ഷത്തിന്റെ മുന്നറിയിപ്പ് കൊള്ളേണ്ടടത്ത് കൊണ്ടിട്ടുണ്ട്. അതില്‍ ജോര്‍ജ് ബുഷിന്റെ കുപ്രസിദ്ധമായ പ്രഖ്യാപനത്തിന്റെ നിഴലുണ്ടെങ്കിലും.
പാര്‍ട്ടിക്കുളളില്‍ നിന്ന് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് സാരമായ പോറലേല്‍പ്പിച്ച പഴയകാല നടപടികള്‍ ഒരുതരത്തിലും ഇനി തുടരാനാവില്ലെന്ന ശക്തമായ സന്ദേശമാണ് ഔദ്യോഗിക പക്ഷം ഈ സമ്മേളന കാലത്ത് വിഎസിന് നല്‍കുന്നത്. പാര്‍ട്ടിയെ പ്രതിസന്ധിയിലാഴ്ത്തി ഉപജാപകരുടെ തിരക്കഥയ്ക്കൊപ്പിച്ച് പാവക്കൂത്തു നടത്താന്‍ വിഎസിന് എത്രകാലം കഴിയുമെന്നാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications