പുകവലി നിരോധിക്കാനാവശ്യപ്പെട്ടവരെ പിരിച്ചുവിട്ടു
ബെര്‍ളിന്‍: പൊതുസ്ഥലത്ത് പുകവലിച്ചതിന് പുറത്താകുന്നതില്‍ എന്തെങ്കിലും പുതുമയുണ്ടോ? എന്നാല്‍ പുകവലിക്കാത്തതിനും പുകവലിക്കരുതെന്ന് പറഞ്ഞതിനും പുറത്താകുന്നതിനെക്കുറിച്ചൊന്ന് ഓര്‍ത്തുനോക്കൂ.
ജര്‍മ്മനിയിലെ ഒരു കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ മൂന്നു ജോലിക്കാര്‍ക്കാണ് ഇത്തരമൊരു അനുഭവമുണ്ടായത്. പുകവലിക്കെതിരെ ശബ്ദമുയര്‍ത്തിയതിന് ഇവര്‍ക്ക് മൂന്നുപേര്‍ക്കും ജോലി നഷ്ടപ്പെട്ടു. പുകവലി മുക്തമായ ഒരു തൊഴില്‍ അന്തരീക്ഷത്തിനായി ആവശ്യമുയര്‍ത്തിയതാണ് ഇവര്‍ക്ക് വിനയായത്.
ജെര്‍മനിയിലെ ബ്യൂസം എന്ന ചെറുകിട കമ്പ്യട്ടര്‍ കമ്പനിയിലാണ് സംഭവം നടന്നത്. കമ്പനിയുടമസ്ഥനായ തോമസ് ജെ ആണ് പുകവലിനിരോധിക്കണമെന്നാവശ്യപ്പെട്ട ജോലിക്കാരെ പിരിച്ചുവിട്ടത്.
ജനുവരി ഒന്നുമുതല്‍ പബ്ബുകളിലും റസ്റ്റോറന്റുകളിലും പുകവലി നിരോധിച്ചുകൊണ്ട് ജര്‍മ്മനിയിലെ ഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്. എന്നാല്‍ ചെറുകമ്പനികളില്‍ പുകവലി അനുവദനീയമാണ്. ബ്യൂസമില്‍ പത്തുപേര്‍ മാത്രമാണ് ജോലിചെയ്യുന്നത്.
പ്രശ്‌നമുണ്ടാക്കുന്നവരെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കഴിയില്ല. ഇവര്‍ പലവട്ടം ഇതിന്റെ പേരില്‍ ശല്യമുണ്ടാക്കിയിട്ടുണ്ട്. ജോലിക്കിടയില്‍ പുകവലിക്കുന്നത് മടുപ്പില്ലാതാക്കും.
ഇതുതന്നെയാണ് അവരോട് പ്രതികാരം ചെയ്യാന്‍ നല്ല സമയമെന്ന് എനിക്കുതോന്നി. ഇനിമുതല്‍ ഞാനെന്റെ കമ്പനിയില്‍ പുകവലിക്കുന്നവര്‍ക്കേ ജോലി നല്‍കൂ- തോമസ് ജെ പറയുന്നു.












Click it and Unblock the Notifications