ചാനല്‍ പ്രവര്‍ത്തകയെ അപമാനിച്ച ഡോക്ടര്‍ അറസ്റ്റില്‍
മുംബൈ: ഇരുപതുകാരിയായ ടിവി ചാനല്‍ പ്രവര്‍ത്തകയെ അപമാനിച്ച സൗന്ദര്യ ശസ്‌ത്രക്രിയാ വിദഗ്‌ധനെ പൊലീസ് അറസ്റ്റുചെയ്‌തു.
ഞായറാഴ്‌ച മുംബൈയിലെ ക്ലിനിക്കിലാണ് സംഭവം നടന്നത്. മുംബൈയിലെ പ്രമുഖര്‍ക്കിടയില്‍ പ്രശസ്‌തനായ സൗന്ദര്യ ശസ്‌ത്രക്രിയാ വിദഗ്‌ധന്‍ ഡോക്ടര്‍ വിജയ് ശര്‍മയാണ് ചാനല്‍ ലേഖികയെ പീഡിപ്പിച്ചതിനെത്തുടര്‍ന്ന് പിടിയിലായത്.
ചാനലില്‍ സൗന്ദര്യ ശസ്‌ത്രക്രിയയെക്കുറിച്ച് ഒരു വാര്‍ത്ത ചെയ്യുന്നതിനുള്ള വിശദാംശങ്ങള്‍ക്കുവേണ്ടയാണത്രേ ലേഖിക ഇയാളെ സമീപിച്ചത്. നഗരത്തില്‍ രണ്ട് ഡിസ്‌പന്‍സറികള്‍ നടത്തുന്ന ശര്‍മ്മ ലേഖികയെ വിളിച്ച് ഖാറിലുള്ള തന്റെ ക്ലിനിക്കിലെത്തിയാല്‍ വിവരങ്ങള്‍ നല്‍കാമെന്ന് അറിയിച്ചു.
വിശദാംശങ്ങളൊക്കെ ചോദിച്ചറിഞ്ഞ് പെണ്‍കുട്ടി നന്ദിപറഞ്ഞ് കൈനീട്ടിയപ്പോള്‍ ഡോക്ടര്‍ അവരുടെ കയ്യില്‍ ചുംബിച്ചു. തുടര്‍ന്ന് സംഭവം പുറത്തുപറയാതിരിക്കാന്‍ സര്‍ജിക്കല്‍ ബ്ലേഡ് കാണിച്ച് ഭീഷണിപ്പെടുത്തി- സംഭവത്തെക്കുറിച്ച് ഖാന്‍ പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നതിങ്ങനെയാണ്.
സംഭവം നടക്കുമ്പോള്‍ ലേഖികയ്‌ക്കൊപ്പമുണ്ടായിരുന്ന ക്യാമറാ മാന്‍ ഡോക്ടറുടെ മുറിയ്‌ക്ക് പുറത്ത് നില്‍ക്കുകയായിരുന്നു. സംഭവം കഴിഞ്ഞ് ലേഖികയും ക്യാമറാമാനും പുറത്തിറങ്ങിയപ്പോള്‍ ഡോക്ടര്‍ ഇവരെ മൊബൈലില്‍ വിളിച്ച് സംഭവം പുറത്താരോടും പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും തനിയ്‌ക്ക് ഉന്നതങ്ങളില്‍ നല്ല പിടിപാടാണെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്‌തുവത്രേ.
പിന്നീട് പെണ്‍കുട്ടി നല്‍കിയ പരാതിയനുസരിച്ചാണ് ഖാര്‍ പൊലീസ് കെസെടുത്തത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച പൊലീസിനോട് പെണ്‍കുട്ടിയെക്കുറിച്ച് ഇയാള്‍ മോശമായ അഭിപ്രായമാണത്രേ പറഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജനുവരി 18വരെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്റ് ചെയ്‌തിരിക്കുകയാണ്.
ഇതിനിടെ ശര്‍മ്മയ്‌ക്കെതിരെ പരാതിയുമായി ഒരു വീട്ടമ്മകൂടി രംഗത്തെത്തിയിട്ടുണ്ട്. തന്നെ ഇയാള്‍ ആറുതവണയെങ്കിലും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ഇവര്‍ ഖാന്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
തന്റെ ഭാര്യ ശര്‍മ്മയുടെ കീഴില്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായിരുന്നുവെന്നും തുടര്‍ന്നുള്ള ചികിത്സകള്‍ക്ക് വന്നപ്പോഴാണ് ഡോക്ടര്‍ പീഡിപ്പിച്ചതെന്നുമാണ് വീട്ടമ്മയുടെ ഭര്‍ത്താവ് പറയുന്നത്.
ഇതിനുപുറമേ ചികിത്സയുടെ പേരില്‍ ദമ്പതിമാരുടെ 3.5 ലക്ഷം രൂപയും ഡോക്ടര്‍ കൈക്കലാക്കിയിട്ടുണ്ടത്രേ. ഈ പരാതിയെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് ഖാന്‍ പൊലീസ് അറിയിച്ചു.












Click it and Unblock the Notifications