ജയലളിത വീണ്ടും എംജിആറിന്റെ വസതിയിലേയ്ക്ക്
ചെന്നൈ: ഇരുപത് വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ജയലളിത തന്റെ രാഷ്ട്രീയ ഗുരുവായിരുന്ന എംജിആറിന്റെ വസതി സന്ദര്‍ശിക്കനൊരുങ്ങുന്നു.
എംജിആറിന്റെ 91ാം ജന്മവാര്‍ഷികമായ ജനുവരി 17നാണ് ജയലളിത അദ്ദേഹത്തിന്റെ വസതിയായ രാമാവരം ഗാര്‍ഡനില്‍ സന്ദര്‍ശനം നടത്തുക. പാര്‍ട്ടി പതാക ഉയര്‍ത്തിയശേഷം ഇവിടെയുള്ള എംജിആര്‍ ശില്‍പം അവര്‍ അനാച്ഛാദനം ചെയ്യും.
1989ല്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനമേറ്റെടുത്തതിന്‌ശേഷം ഇതാദ്യമായാണി ജയ എംജിആറിന്റെ വസതി സന്ദര്‍ശിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സന്ദര്‍ശനം തമിഴ്‌നാട് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്.
1987 ഡിസംബര്‍ 24നാണ് അവസാനമായി രാമാവരം ഗാര്‍ഡനില്‍ എത്തിയത്. എംജിആറിന്റെ മരണത്തെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ ഒരു വഭാഗം ജയലളിതയ്‌ക്കൊപ്പവും മറുപക്ഷം എംജിആറിന്റെ വിധവ ജാനകി രാമചന്ദ്രനൊപ്പവും നിലയുറപ്പിച്ചു. പിന്നീട് 1989ലെ നിയമസഭാ
തിരഞ്ഞെടുപ്പില്‍ തോറ്റതോടെ ഇരുപക്ഷവും ഒന്നായി.
എംജിആറിന്റെ മൃതദേഹം കാണാന്‍ അനുവദിക്കാതിരിക്കുകയും അതിന്റെ പേരില്‍ അവഹേളിക്കുകയും ചെയ്‌തതിന്റെ ദുഖം മൂലമാണ് ഇക്കാലമത്രയും അദ്ദേഹത്തിന്റെ വസതിയില്‍ ജയ സന്ദര്‍ശിക്കാതിരുന്നതെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. അന്ന് എംജിആറിന്റെ മൃതദേഹവും കൊണ്ടുപോകുന്ന വാഹനത്തില്‍ കയറാന്‍ ശ്രമിച്ച ജയയെ ചവിട്ട് താഴെയിടുകയായിരുന്നു.
എന്നാല്‍ എജിആറിന്റെ മേല്‍വിലാസത്തില്‍ രാഷ്ട്രീയരംഗത്ത് ഉയര്‍ന്നുവന്ന ചലച്ചിത്രതാരങ്ങളായ വിജയകാന്തിന്റെയും ശരത്‌കുമാറിന്റെയും വളര്‍ച്ചയാണ് പഴയതൊക്കെ മറന്ന് വീണ്ടും എംജിആറിന്റെ വസതി സന്ദര്‍ശിക്കാന്‍ ജയലളിതയെ പ്രേരിപ്പിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
എംജിആര്‍ മരിച്ചിട്ട് വര്‍ഷം 20 കഴിഞ്ഞെങ്കിലും ഇന്നും തമിഴ്‌മനസ്സില്‍ അദ്ദേഹമൊരു വിഗ്രഹമാണ്. തമിഴ്‌മക്കളുടെ ഈ ദൗര്‍ബ്ബല്യത്തെക്കുറിച്ച് ജയലളിതയ്‌ക്ക് നന്നായി അറിയുകയും ചെയ്യാം.












Click it and Unblock the Notifications