പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഉടന്‍ വര്‍ധിപ്പിക്കും
ദില്ലി: പെട്രോളും ഡീസലും ഉള്‍പ്പെടെയുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന ഉറപ്പായി. ഇതുസംബന്ധിച്ച ശുപാര്‍ശ വ്യാഴാഴ്‌ച ചേരുന്ന മന്ത്രിസഭാ ഉപസമിതിയോഗം പ്രധാനമന്ത്രിയ്‌ക്ക് സമര്‍പ്പിയ്‌ക്കും.
പെട്രോളിന് ലിറ്ററിന് നാലു രൂപയും ഡീസലിന് രണ്ടുരൂപയും വര്‍ധിപ്പിക്കാനാണ് ആലോചന. എന്നാല്‍ ഇവയ്‌ക്ക് യഥാക്രമം രണ്ടും ഒന്നും രൂപ വര്‍ധിിപ്പിച്ചാല്‍ മതിയെന്നും അഭിപ്രായമുണ്ട്. പാചകവാതകത്തിന് സിലിണ്ടറിന് 20രൂപയുടെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. 30 രൂപയുടെ വര്‍ദ്ധനയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ ആവശ്യപ്പെടുന്നത്.
കസ്റ്റംസ്, എക്‌സൈസ് തീരുവകളില്‍ ഇളവ് അനുവദിക്കുന്നതിനൊപ്പം നേരിയതോതില്‍ വില വര്‍ധിപ്പിക്കാനും ഇടതുപാര്‍ട്ടികള്‍ സമ്മതം നല്‍കിയിട്ടുണ്ട്. അതിനാല്‍ വിലവര്‍ദ്ധന ഉടന്‍തന്നെയുണ്ടാകുമെന്നാണ് സൂചന. വിലവര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ഇടതുനേതാക്കളായ സീതാറാം യച്ചൂരി, ഗുരുദാസ്‌ദാസ് ഗുപ്‌ത, എന്നിവരുമായി പെട്രോളിയം മന്ത്രി മുരളി ദേവ്‌റ ചര്‍ച്ച നടത്തിയിട്ടുണ്ട്.
2006 ജൂണില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 67 ഡോളറായിരുന്നപ്പോഴാണ് ഏറ്റവും അവസനാനമായി പെട്രോളിനു ഡീസലിനും വില വര്‍ധിപ്പിച്ചത്. പാചകവാതകത്തിന് 2004 നവംബറിലാണ് വില വര്‍ദ്ധിപ്പിച്ചത് അന്ന് ക്രൂഡ് ഓയിലിന് വില ബാരലിന് 34 ഡോളറായിരുന്നു.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വിലകൂടിയതോടെ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയ്‌ക്കു നടപ്പു സാമ്പിത്തിക വര്‍ഷം 71,808 കോടി രൂപയുടെ വരുമാനനഷ്ടമുണ്ട്. ഒരു ലിറ്റര്‍ പെട്രോളിന് 9.20 രൂപ, ഡീസലിന് 11 രൂപ മണ്ണെണ്ണയ്‌ക്ക് 20 രൂപ, പാചകവാതക സിലിണ്ടറിന് 331 രൂപ എന്നിങ്ങനെയാണ് കമ്പനികളുടെ നഷ്ടം.
ഒരു ലിറ്റര്‍ പെട്രോളിന് ഒരു രൂപ കിട്ടിയാല്‍ എണ്ണക്കമ്പനികള്‍ക്ക് പ്രതിമാസം 90കോടിയുടെ അധികവരുമാനമുണ്ടാകും. ഡീസലിന് സമാനമായ വര്‍ധനയുണ്ടായാല്‍ 360കോടിയും മണ്ണെണ്ണയ്‌ക്ക ഒരു രൂപ കൂട്ടിയാല്‍ 95 കോടി രൂപയും കൂടുതലായി സമാഹരിക്കാന്‍ കഴിയും. പാചകവാതകത്തിന് 10 രൂപ കൂട്ടിയാല്‍ മാസം 58 കോടി രൂപയാണ് അധികവരുമാനമുണ്ടുവുക.
അതിനിടെ പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില വിപണി തന്നെ നിര്‍ണ്ണയിക്കുന്ന സ്വതന്ത്രവില സംവിധാനം നടപ്പാക്കുന്നതിനെക്കുറിച്ച് ജനുവരി അവസാനം കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തേയ്‌ക്കാനുമിടയുണ്ട്.












Click it and Unblock the Notifications