ബേനസീര്‍ വീണത് ഷായുടെ കണ്‍മുന്നില്‍
റാവല്‍പ്പിണ്ടി: ഇത് ഇസ്‌തിയാഖ് ഹുസൈന്‍ ഷാ വധശ്രമത്തനിടയില്‍ മുന്‍ പാകിസ്‌താന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച് പാകിസ്‌താന്റെ ജനമനസ്സുകളില്‍ കുടിയേറിയ പൊലീസ് ഓഫീസര്‍.
ഇപ്പോഴും ഷായുടെ കണ്ണില്‍ നിന്നും ആ രംഗം മാഞ്ഞിട്ടില്ല. പറന്നെത്തിയ വെടിയുണ്ടകളേറ്റ് തളര്‍ന്നുവീണ ബേനസീര്‍ തുടര്‍ന്ന് ബേനസീര്‍ നിന്നയിടം കുരുതിക്കളമായത്. റാവല്‍പ്പിണ്ടിയിലെ റാലിയില്‍ നിയോഗിക്കപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ കൂട്ടത്തില്‍ ഷായുമുണ്ടായിരുന്നു.
ബേനസീര്‍ വാഹനത്തില്‍ നിന്നുകൊണ്ട് ജനങ്ങളെ അഭിവാദ്യം ചെയ്യുമ്പോള്‍ ജനത്തിരക്ക് നിയന്ത്രിക്കാന്‍ ഞാനും കൂട്ടരും ആവുന്നത്ര ശ്രമിച്ചിരുന്നു. ജനക്കൂട്ടത്തിനിടയില്‍ നിന്നും തോക്കുധാരി വെടിയുതിര്‍ക്കുന്നത് ഞാന്‍ കണ്ടതാണ്. അയാളുടെ പതിനഞ്ചോ ഇരുപതോ അടി അകലത്തിലാണ് ഞാന്‍ നിന്നിരുന്നത്.
ഭൂട്ടോയ്‌ക്കുനേരെ വെടിയുതിര്‍ക്കാന്‍ ആയാള്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ത്തന്നെ ഞാനയാളെ തടയാന്‍ ഓടിയതാണ്. പക്ഷേ അപ്പോഴേയ്‌ക്കും വൈകിപ്പോയിരുന്നു. ഞാന്‍ അയാളുടെ നേര്‍ക്ക് എത്തുന്നതിന് മുമ്പേ സ്‌ഫോടനവും നടന്നിരുന്നു. ആ ആഘാതത്തില്‍ ഞാന്‍ പുറകിലേയ്‌ക്ക് വീണുപോയി- ഷാ പറഞ്ഞുനിര്‍ത്തി.
സ്‌ഫോടനത്തില്‍ ഷായുടെ ഇടതുകാലിന് പരുക്കേല്‍ക്കുകയും വലതുകയ്യിലെ രണ്ടു വിരലുകള്‍ പൊട്ടുകയും ചെയ്‌തിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഷായുടെ കേള്‍വിശക്തി തല്‍ക്കാലത്തേയ്‌ക്ക് നഷ്ടപ്പെട്ടിരുന്നു. ഒപ്പം കണ്ണിനും അസ്വസ്ഥകളുണ്ട്.
വെടിയുതിര്‍ക്കുന്നയാളെ കണ്ടിരുന്നുവെങ്കിലും അയാള്‍ തന്നെയാണോ സ്‌ഫോടനം നടത്തിയതെന്നകാര്യം ഷായ്‌ക്ക് കൃത്യമായി പറയാന്‍ കഴിയുന്നില്ല.
റാലിയ്‌ക്കേര്‍പ്പെടുത്തിയിരുന്ന സുരക്ഷയിലുണ്ടായ പാളിച്ചയാണ് കൊലപാതകത്തിന് ഇടവരുത്തിയതെന്നാണ് ബേനസീറിന്റെ പാര്‍ട്ടിയായ പാകിസ്‌താന്‍ പീപ്പിള്‍സ് പാര്‍ട്ടി അധികൃതര്‍ ആരോപിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്കാവുന്നവിധത്തില്‍ വേണ്ട സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
മെറ്റല്‍ ഡിറ്റക്ടറുകളുപയോഗിച്ച് ഞങ്ങള്‍ എല്ലാവരെയും പരിശോധിച്ചിരുന്നു. എന്നാല്‍ റോഡില്‍ വന്നുനില്‍ക്കുന്നവരെ പരിശോധിക്കാന്‍ കഴിയില്ല കാരണം അത് തുറന്ന സ്ഥലമാണ്. ആ ജനക്കൂട്ടത്തിനിടയില്‍ നിന്നാണ് ആക്രമണമുണ്ടായത്.
മരണത്തിന്റെ തൊട്ടുമുമ്പുവരെ ഞാന്‍ അടുത്തുണ്ടായിരുന്നു. അപ്പോഴെല്ലാം അവര്‍ വളരെ സന്തോഷവതിയായിരുന്നു. അവരുടെ മരണം കണ്‍മുന്നില്‍ കാണേണ്ടിവന്നത് എന്നെ സംബന്ധിച്ച് നടുക്കുന്ന ഒരു ഓര്‍മ്മയാണ്- അദ്ദേഹം പറയുന്നു.












Click it and Unblock the Notifications