അവിഹിത ബന്ധം പുറത്താക്കാനുള്ള കാരണമല്ല: കോടതി
മുംബൈ: അവിഹിത ബന്ധം ചൂണ്ടിക്കാണിച്ച് ജോലിയില്‍ നിന്നും പിരിച്ചുവിട്ട യുവതിയ്‌ക്ക് കോടതി വിധി ആശ്വാസമായി. സത്താറി ജില്ലാ പരിഷത്താണ് അവിഹിതബന്ധത്തിന്റെ പേരില്‍ അംഗന്‍വാടി ജീവനക്കാരിയെ പിരിച്ചുവിട്ടത്.
പരിഷത്തിന്റെ ഈ നടപടി മുംബൈ ഹൈക്കോടതി റദ്ദാക്കി. ആരോപണവിധേയനായ പുരുഷനെതിരെ ഒരു നടപടിയും സ്വീകരിക്കാതെ സ്‌ത്രീയെ മാത്രം ഇത്തരത്തില്‍ ശിക്ഷിച്ചത് ശരിയായില്ലെന്നും അവിഹിതബന്ധം ജോലിയില്‍ നിന്നും പിരിച്ചുവിടാനുള്ള കാരണമാക്കാന്‍ കഴിയില്ലെന്നും വിധി പുറപ്പെടുവിച്ചുകൊണ്ട് കോടതി ചൂണ്ടിക്കാട്ടി.
ആരോപണവിധേയനായ പുരുഷനും പരിഷത് ജീവനക്കാരനാണ്. ഈ നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ജീവനക്കാരിയെ ശിക്ഷിക്കാനുള്ള അധികാരം ജില്ലാ പരിഷത്തിനുണ്ടെന്ന് അഭിപ്രായപ്പെട്ടു.
പ്രശ്‌നത്തെക്കുറിച്ച് അന്വേഷിക്കാന്‍ പരിഷത് തുനിഞ്ഞില്ലെന്നും തന്റെ വാദം കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ലെന്നും ആരോപിച്ചാണ് ഡിസംബറില്‍ ജീവനക്കാരിയ മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. ജില്ലാപരിഷത്തിലെ ഒരു ജീവനക്കാരനുമായി അവിഹിതബന്ധമുണ്ടെന്ന പേരില്‍ 2005 നവംബറിലാണ് മുപ്പത്തിനാലുകാരിയായ ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.
അംഗന്‍വാടി അസിസ്റ്റന്റ് ആയി ജോലിചെയ്യുന്ന വനിത വിവാഹേതരബന്ധത്തില്‍ ഏര്‍പ്പെടുന്നത് ശരിയല്ലെന്നും അതിനാലാണ് ഇവരെ പിരിച്ചുവിട്ടതെന്നും മഹാബലേശ്വര്‍ ചൈല്‍ഡ് ഡവലപ്പ്‌മെന്റ് പ്രൊജക്ട് ഓഫീസര്‍ എസ്.ഡി ഷോഡ്‌ഗെ കോടതിയില്‍ മൊഴി നല്‍കി.
എന്നാല്‍ ജോലിയെ ബാധിക്കാത്ത ഇവരുടെ സ്വകാര്യ ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ക്കെതിരെ അധികാരികള്‍ക്ക് നടപടിയെടുക്കാന്‍ അധികാരമില്ലെന്ന് ജീവനക്കാരിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.












Click it and Unblock the Notifications