സുധാകരനെ കയറൂരിവിട്ടത് പിണറായിയാണെന്ന് പണിക്കര്‍
കോട്ടയം: ഹൈന്ദവരുടെ ഈശ്വരവിശ്വാസത്തിനും പ്രത്യേകിച്ച് നായര്‍ സര്‍വ്വീസ് സൊസൈറ്റിയ്‌ക്കുമെതിരെ മന്ത്രി ജി. സുധാകരന്‍ നടത്തുന്ന പ്രസ്‌താവനകള്‍ക്കുപിന്നില്‍ ആരാണെന്നകാര്യം ഇപ്പോള്‍ വ്യക്തമായിരിക്കുകയാണെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി പി.കെ നാരായണപ്പണിക്കര്‍.
മന്നത്തു പത്മനാഭന്‍ വിമോചനസമരംവഴി എടുത്ത നിലപാടുകളെ വിമര്‍ശിക്കുമെന്നും എല്ലാത്തരം ഭാഷകളും പ്രയോഗിക്കാന്‍ അറിയാവുന്നവര്‍ സിപിഎമ്മില്‍ ഉണ്ടെന്നുമുള്ള പിണറായി വിജയന്റെ പ്രസംഗം ഇക്കാര്യം വ്യക്തമാക്കുന്നതാണെന്നും പണിക്കര്‍ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
മതസാമുദായിക സംഘടനകളെ ഇല്ലാതാക്കാന്‍ അതത് സമുദായങ്ങളിലെ മന്ത്രിമാരെ കയറൂരിവിട്ട് പോര്‍വിളി നടത്തുകയാണ് സിപിഎം. ഇതിന് പിന്നില്‍ എല്ലാം അടിയറവുവെച്ചുകൊള്ളുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് വെറും വ്യാമോഹം മാത്രമാണ്.
മന്നത്തു പത്മനാഭന്‍ വിമോചനസമരത്തില്‍ സ്വീകരിച്ച നിലാപാടുകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഴിച്ചുള്ള ജനാധിപത്യ വിശ്വാസികള്‍ എല്ലാവരും അംഗീകരിച്ചത് ചരിത്രപരമായ വസ്‌തുതയാണ്. അത് തെറ്റാണെന്ന വ്യാഖ്യാനത്തോട് ഒരു സന്ധിയുമില്ല. അത്തരം വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത് എന്‍എസ്‌എസിനുണ്ടെന്ന് വേണ്ടപ്പെട്ടവര്‍ മനസ്സിലാക്കിയാല്‍ കൊള്ളാം- പണിക്കര്‍ പറഞ്ഞു.
മതത്തിനെതിരെ ഹിഡന്‍ അജണ്ട
സിപിഎം മന്ത്രിമാരെ ഉപയോഗിച്ച് ഹിന്ദു, ക്രിസ്‌ത്യന്‍, മുസ്ലിം മതവിശ്വാസങ്ങളെ തകര്‍ക്കാനുള്ള ഹിഡന്‍ അജണ്ടയാണ് പിണറായി വിജയന്‍ നടപ്പാക്കുന്നതെന്ന് എന്‍എസ്‌എസ് അസിസ്റ്റന്റ് സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.
വിശ്വാസമില്ലാത്ത ജി. സുധാകരന്‍ മകരവിളക്കുകാണാന്‍ ശബരിമലയില്‍ പോയതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന മുതലാളി-തൊഴിലാളി ആശയസമരത്തിന്റെ ഭാഗമായി സമുദായസംഘടനകളെ സിപിഎം സംസ്ഥാന സെക്രട്ടറി ആക്രമിക്കുകയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.












Click it and Unblock the Notifications