ക്ഷേത്രഭാരവാഹികള്‍ അപമാനിച്ചുവെന്ന് യേശുദാസ്
തിരുവനന്തപുരം: കാടാമ്പുഴ ക്ഷേത്രത്തില്‍ തന്നെ വിളിച്ചുവരുത്തി അപമാനിച്ചുവെന്ന് ഗായകന്‍ യേശുദാസ്. ദൈവത്തിന്റെയരികില്‍ എലിയ്‌ക്കും പൂച്ചയ്‌ക്കും പോകാം എന്നാല്‍ യേശുദാസിന് നിഷിദ്ധമാണ്.
കാടാമ്പുഴയില്‍ ക്ഷേത്രഭാരവാഹികള്‍ വിളിച്ചിട്ടാണ് പോയത്. എന്നാല്‍ അവിടെയെത്തിയപ്പോള്‍ അകത്ത് കയറ്റിയില്ല- ഗാനഗന്ധര്‍വ്വന്‍ വികാരഭരിതനായി പറഞ്ഞു.
ഗുരുവായൂരിലും ഇതേ ദുരനുഭവമുണ്ടായി. മൂകാംബികയില്‍ മാത്രം ഈ പ്രശ്‌നമൊന്നുമില്ല. മനുഷ്യനെ കള്ളികളിലായി വേര്‍തിരിച്ച് നിര്‍ത്തുന്ന ഈ സമീപനം മാറണം- സ്വാതി തിരുനാള്‍ സംഗീതകോളെജില്‍ സഹപാഠികളും ഗുരുക്കന്മാരുമായുള്ള സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വരലയയും കോളെജും സംയുക്തമായാണ് ഗുരുക്കന്മാരുടെയും സഹപാഠികളുടെയും സംഗമം ഒരുക്കിയത്.
ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതിരുന്നതിനെക്കുറിച്ച് ഇതുവരെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. ഇപ്പോള്‍ പറയാന്‍ സമയമായതുകൊണ്ടാണ് പറയുന്നത്. മൂകാംബികയില്‍ ആര്‍ക്കും വിലക്കില്ല. അയ്യപ്പന് എന്റെ പാട്ടുകേട്ട് ഉറങ്ങാന്‍ കഴിയുന്നു. ഹരിവരാസനം പാടാന്‍ അവസരം ലഭിച്ചതില്‍ നന്ദിയുണ്ട്. വലിയ വികാരത്തോടെയാണ് ഞാനത് പാടിയത്- അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം കാടാമ്പുഴ ക്ഷേത്രത്തില്‍ എത്തിയ യേശുദാസിനെയും പത്‌നിയെയും അകത്തു പ്രവേശിപ്പിക്കാതിരുന്നത് വാര്‍ത്തയായിരുന്നു.












Click it and Unblock the Notifications