ബേനസീറിനെ വധിച്ച സംഘത്തിലെ കൗമാരക്കാരന്‍ അറസ്റ്റില്‍
ഇസ്ലമബാദ്: പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ കൊലപ്പെടുത്തിയ സംഘത്തിലുള്ളതെന്ന് സംശയിക്കുന്ന പതിനഞ്ചുകാരനെ അഫ്‌ഗാനിസ്‌താന്‍ അതിര്‍ത്തിയില്‍ പൊലീസ് അറസ്റ്റുചെയ്‌തു.
ബേനസീറിനെ വധിക്കാന്‍ നിയോഗിച്ച അഞ്ചംഗ സംഘത്തില്‍ താനുള്‍പ്പെട്ടിരുന്നതായി വ്യാഴാഴ്‌ച പിടിയിലായ എയ്തിസാസ് ഷാപൊലീസിന് മൊഴിനല്‍കി.
അല്‍ ക്വയ്‌ദയുമായി ബന്ധം പുലര്‍ത്തുന്ന തീവ്രവാദി നേതാവ് ബെയ്‌ത്തുള്ള മെഹ്‌സൂദ് ആണ് ഈ സംഘത്തെ നിയോഗിച്ചത്. അഞ്ചുപേരില്‍ രണ്ടുപേര്‍ക്കാണത്രേ ബേനസീറിനുനേര്‍ക്ക് വെടിയുതിര്‍ക്കാന്‍ ആദ്യ ചുമതല നല്‍കിയത്. ഈ ശ്രമം പരാജയപ്പെട്ടാല്‍ ബോംബെറിഞ്ഞു കൊല്ലാന്‍ മൂന്നംഗസംഘത്തിനും നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇതില്‍ ബോംബെറിയാന്‍ നിര്‍ദ്ദേശം ലഭിച്ച സംഘത്തിലെ അംഗമാണ് കറാച്ചി സ്വദേശിയായ ആണ്‍കുട്ടി. ആദ്യസംഘത്തിന്റെ ആക്രമണത്തില്‍ത്തന്നെ ബേനസീര്‍ കൊല്ലപ്പെട്ടതിനാല്‍ താനുള്‍പ്പെട്ട സംഘത്തിന് പ്രവര്‍ത്തിക്കേണ്ടിവന്നില്ലെന്നും കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.
ബലീല്‍, അക്രം എന്നിവരാണത്രേ ബേനസീറിനെ വെടിവെച്ചത്. ബേനസീറിന്റെ കൊലപാതകം നടന്നതിന്റെ പിറ്റേന്ന് പൊലീസ് പിടിച്ചെടുത്ത മെഹ്‌സൂദ് സംഘത്തിന്റെ ഫോണ്‍ സംഭാഷണത്തിലും ഇതേപേരുകള്‍ പരാമര്‍ശിക്കുന്നുണ്ട്.
മെഹ്‌സൂദ് സംഘമാണ് തനിക്ക് പരിശീലനം തന്നെതെന്നും ഷാ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഷായെ പിടികൂടിയ വാര്‍ത്ത പാകിസ്‌താന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം അഷൂറ ചടങ്ങുകള്‍ നടക്കുന്നതിനിടെ ബോംബെറിയാന്‍ ആസൂത്രണം നടത്തുന്നതിനിടെയാണ് ഷാ പൊലീസ് പിടിയിലായത്.












Click it and Unblock the Notifications