ട്രാക്കുകള്‍ മലിനമാക്കാത്ത കക്കൂസുകള്‍ക്കായി റയില്‍വേ
ദില്ലി: ഇന്ത്യയിലെ തീവണ്ടികളില്‍ പരിസ്‌ഥിതി സഹൃദ കക്കൂസുകള്‍ വരുന്നു. വിസര്‍ജ്യമുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ട്രാക്കിലേയ്‌ക്ക് പുറംതള്ളുന്ന തുറന്ന ഏര്‍പ്പാടിന് ഇതോടെ പരിസമാപ്‌തിയാകും.
റയില്‍വേ ട്രാക്കുകള്‍ക്ക് സമീപം താമസിക്കുന്നവര്‍ക്ക് ആശ്വാസത്തിന് വക നല്‍കുന്നതാണ് ഇന്ത്യന്‍ റയില്‍വേയുടെ ഈ തീരുമാനം. മൂന്നു തരം കക്കൂസുകളാണ് പരിഗണനയിലുള്ളത്. നിയന്ത്രിതമായി മാലിന്യം പുറം തള്ളുന്നവ(കണ്‍ട്രോള്‍ഡ് ഡിസ്‌ചാര്‍ജ്), വിമാനങ്ങളിലുള്ളതുപോലെ വാക്വം ടോയ്‌ലറ്റുകള്‍, മാലിന്യം ഇല്ലാതാക്കുന്നവ(ബയോഡിഗ്രേഡബിള്‍).
നിയന്ത്രിതമായി മാത്രം മാലിന്യം പുറംതള്ളുന്ന രീതിയിലുള്ള കക്കൂസുകള്‍ ചില യാത്രാവണ്ടികളില്‍ പരീക്ഷണാര്‍ത്ഥം സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്. വണ്ടി സ്റ്റേഷന്‍ വിട്ടുകഴിഞ്ഞ് ഒരു നിശ്ചിത വേഗതിയെത്തിയശേഷം ഇവ മാലിന്യം പുറം തള്ളുന്നു.
ഈ രീതിയിലൂടെ സ്റ്റേഷനുകള്‍ മാലിന്യമുക്തമാകുമെന്നതാണ് പ്രധാന നേട്ടം. അപ്പോഴും ആള്‍ത്താമസമുള്ള സ്ഥലങ്ങളിലെ റയില്‍വേട്രാക്കുകളില്‍ മാലിന്യം വീഴുകതന്നെ ചെയ്യും.
മാലിന്യം ടാങ്കിലേയ്‌ക്കു മാറ്റുകയും സ്‌റ്റേഷനിലെ പ്രത്യേക സംവിധാനത്തില്‍ നിക്ഷേപിക്കുകയും ചെയ്യുന്ന തരം കക്കൂസുകള്‍ക്കും റയില്‍വേ ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്. സാങ്കേതിക പഠനങ്ങളും പരിശോധനകളും നടത്തിയശേഷം ഇത്തരം കക്കൂസുകളും പരീക്ഷിക്കുമെന്ന് റയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.
വിമാനങ്ങളിലേതുപോലുള്ള വാക്വം കക്കൂസുകള്‍ക്ക് നിര്‍മ്മാണച്ചെലവ് താരതമ്യേന കൂടുതലായിരിയ്‌ക്കും. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേക്ക് കൂടിയതോതില്‍ മുതല്‍ക്കൂട്ടുണ്ടാക്കുന്ന ഇന്ത്യന്‍ റയില്‍വേ ഈ തുറന്ന മാലിന്യ നിക്ഷേപത്തിലൂടെ ഉണ്ടാക്കുന്ന പരിസ്‌തിതി മലിനീകരണത്തിന് കണക്കില്ല.
പലപ്പോഴായി ഇതിനെതിരെ പരിസ്‌ഥിതി, ആരോഗ്യ പ്രവര്‍ത്തകര്‍ ശബ്ദമുയര്‍ത്തിയിരുന്നു. റയില്‍വേ ട്രാക്കുകള്‍ കടന്നുപോകുന്ന ചില സ്ഥലങ്ങളിലെ ജലത്തില്‍ കൂടിയതോതില്‍ കോളിഫോം ബാക്ടീരിയകളുള്ളതായും ഈ പ്രദേശങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായും നേരത്തേ കണ്ടെത്തിയിരുന്നു.
പുതിയ രീതികള്‍ നടപ്പാക്കാനുള്ള ഭീമമായ പണച്ചെലവും കാലതാമസവും നവീകരണത്തില്‍ റയില്‍വേ നേരിട്ടേയ്‌ക്കാവന്ന പ്രധാന പ്രശ്‌നങ്ങളാണ്. ഇന്ത്യന്‍ റയില്‍വേയില്‍ ദിനംപ്രതി 8000 തീവണ്ടികളിലായി മൂന്നുലക്ഷം പേര്‍ യാത്രചെയ്യുന്നുണ്ടെന്നാണ് കണക്ക്. 2012 ആകുമ്പോഴേയ്‌ക്കും ഈ പരിസ്ഥിതി സൗഹൃദ കക്കൂസുകള്‍ ഇന്ത്യന്‍ റയില്‍വേ ശൃംഗലയില്‍ നിലവില്‍വരുമെന്നാണ് കണക്കൂകൂട്ടുന്നത്.












Click it and Unblock the Notifications