സ്‌ത്രീധനത്തെച്ചൊല്ലി തര്‍ക്കം; വധു വിവാഹം ഉപേക്ഷിച്ചു
കൊല്ലം: വിവാഹത്തിന് മുമ്പുതന്നെ സ്‌ത്രീധനബാക്കികൂടി നല്‍കണമെന്ന് വരന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്നും പിന്‍മാറി.
ഇതിനെത്തുടര്‍ന്ന് ഞായറാഴ്‌ച നടക്കേണ്ടിയിരുന്ന വിവാഹം ഉപേക്ഷിച്ചു. ഉമയനല്ലൂര്‍ സ്വദേശികളായ ലക്ഷ്‌മണാചാരിയുടെയും യമുനാമ്മാളിന്റെയും മകള്‍ ശ്രീകലയാണ് നിശ്ചയിച്ച വിവാഹം വേണ്ടെന്നു വച്ചത്.
ശ്രീകലയുടെയും പ്രദീപിന്റെയും വിവാഹം ഞായറാഴ്‌ച സ്വയംവര ഓഡിറ്റോറിയത്തില്‍വച്ച് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഒരു ലക്ഷം രൂപയും 220 ഗ്രാം സ്വര്‍ണ്ണവുമായിരുന്നു സ്‌ത്രീധനമായി പറഞ്ഞുറപ്പിച്ചിരുന്നത്.
വിവാഹനിശ്ചയം കഴിഞ്ഞപ്പോള്‍ ഇതില്‍ 57,000 രൂപ ശ്രീകലയുടെ വീട്ടുകാര്‍ പ്രദീപിന്റെ വീട്ടുകാര്‍ക്ക് നല്‍കി. ബാക്കി 25,000 രൂപ നല്‍കാന്‍ സാവകാശം നല്‍കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ അതു പോരെന്നും വിവാഹത്തിന് മുമ്പുതന്നെ സ്‌ത്രീധനത്തുക തീര്‍ത്തുകൊടുക്കണമെന്നും പ്രദീപിന്റെ വീട്ടുകാര്‍ നിര്‍ബ്ബന്ധം പിടിച്ചു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായി.
ഈ സാഹചര്യത്തില്‍ തനിക്കീ വിവാഹം വേണ്ടെന്ന് ശ്രീകല തീരുമാനിയ്‌ക്കുകയായിരുന്നു. ഇതിനിടെ തര്‍ക്കം പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് വരന്‍ അനുരഞ്‌ജനത്തിന് തയ്യാറായെങ്കിലും വധു വഴങ്ങിയില്ല.












Click it and Unblock the Notifications